സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം ഓരോ പൗരനുമുണ്ട്: മന്ത്രി ഡോ. ആര്‍. ബിന്ദു
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സഹവര്‍ത്തിത്ത്വത്തോടെ മുന്നോട്ടുപോകാന്‍ ഉന്നതമായ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഉള്‍ക്കൊള്ളല്‍ ജനാധിപത്യ സങ്കല്‍പ്പനം പൂര്‍ണ അര്‍ത്ഥത്തില്‍ സഫലീകരിക്കാന്‍ കഴിയണം. സമൂഹത്തില്‍ ഒറ്റപ്പെട്ട വിഭാഗങ്ങളെക്കൂടി മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൊണ്ടുവരുന്നതിന് വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനു മീതെ അപകടമണികള്‍ മുഴക്കിക്കൊണ്ട് രണ്ടര നൂറ്റാണ്ട് നീണ്ടു നിന്ന ബ്രിട്ടീഷ് അധിനിവേശം അടിമ സമാനമായ ഒരു ജീവിതം ജനങ്ങള്‍ക്ക് നല്‍കിയപ്പോള്‍ അതില്‍ നിന്നും നാം ഉയര്‍ത്തെണീറ്റത് നമ്മുടെ സാംസ്‌കാരിക വൈവിധ്യംകൊണ്ട് കൂടിയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സ്വാതന്ത്ര്യത്തിന് മുമ്പ് ഉച്ചനീചത്വവും കിരാതമായ ജാതി വ്യവസ്ഥയും നിലനിന്നിരുന്ന രാജ്യം എന്ന നിലയില്‍ നിന്ന് പുതിയ ജനാധിപത്യ മൂല്യങ്ങളിലേക്ക് രാജ്യത്തെ ഉയര്‍ത്തേണ്ട ഉത്തരവാദിത്ത്വം സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്ര നേതാക്കള്‍ ഏറ്റെടുത്തിരുന്നു. അടിച്ചമര്‍ത്തലും പീഡനങ്ങളും അനുഭവിക്കുന്ന മുഴുവന്‍ ആളുകളെയും ശാക്തീകരിക്കുക എന്ന ലക്ഷ്യം മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിൻ്റെ നേതൃത്വത്തില്‍ നിന്നും നമ്മുടെ നേതാക്കള്‍ ഏറ്റെടുത്തതാണെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങി സമൂഹത്തിലെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന മുഴുവന്‍ പേരെയും ശാക്തീകരിച്ച് ഏവര്‍ക്കും തുല്യത ഉറപ്പ് വരുത്തി മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് കൈകോര്‍ത്തു പിടിച്ച് ചലനാത്മകതയോടെ ഇന്ത്യയെ നയിക്കാം. നമ്മുടെ രാജ്യത്തെ പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ള ഭാവി തലമുറയിലേക്ക് സ്വതന്ത്ര ഭാരതത്തിൻ്റെ പതാക ഏല്‍പ്പിക്കുക എന്ന അനിവാര്യമായ ചുമതല കൃത്യതയോടെ നിറവേറ്റാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി (സിറ്റി) ആര്‍. ഇളങ്കോ, ജില്ലാ പോലീസ് മേധാവി (റൂറല്‍) ബി. കൃഷ്ണകുമാര്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ഡി.എഫ്.ഒ അഭയ് യാദവ്, അസി. കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് എന്നിവര്‍ സംബന്ധിച്ചു.
പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി ഉള്‍പ്പെടെ 26 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍ പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ എം.പി വിനയചന്ദ്രനായിരുന്നു സെക്കൻ്റ് ഇന്‍ കമാൻ്റ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു.
ചടങ്ങില്‍ സായുധസേനാ പതാക നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള റോളിംഗ് ട്രോഫി പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിനും തൃശ്ശൂര്‍ സെവന്‍ത് കേരള ബറ്റാലിയന്‍ എന്‍.സി.സി ഗേള്‍സ് യൂണിറ്റിനും മന്ത്രി സമ്മാനിച്ചു. തുടര്‍ന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരുന്നു 79-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്.



