THRISSUR

കുന്നംകുളം സബ് ട്രഷറി നിർമാണോദ്ഘാടനം നാളെ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ശിലാസ്ഥാപനം നടത്തും

ആധുനിക സൗകര്യങ്ങളോടുകൂടിയ കുന്നംകുളം സബ്-ട്രഷറി കെട്ടിടം യാഥാർത്ഥ്യമാകുന്നു. പുതിയ സബ്-ട്രഷറി കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നാളെ രാവിലെ ഒൻപതിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ രാധാകൃഷ്ണൻ എം.പി. വിശിഷ്ടാതിഥി ആകും.

ധനകാര്യ വകുപ്പിൻ്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി.) ഉള്‍പ്പെടുത്തി 1.64 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഒറ്റ നിലയിലായി 2200 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, ക്യാഷ് കൗണ്ടര്‍, ഭിന്നശേഷി സൗഹൃദ റാംപ്, ഉദ്യോ​ഗസ്ഥരുടെ ക്യാബിനുകള്‍, പത്ത് കൗണ്ടറുകള്‍, സ്ട്രോംഗ് റൂം, ഗാര്‍ഡ് റൂം, റെക്കോര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കുള്ള ടോയ്ലെറ്റ്, സ്റ്റെയർ റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായുള്ള എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡാണ് പദ്ധതി നിര്‍വഹിക്കുന്നത്. ശോചനീയാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണത്തിൻ്റെ ഭാഗമായി നിലവില്‍ സബ് ട്രഷറി ഓഫീസ് ഗുരുവായൂര്‍ റോഡിലെ വാടകക്കെട്ടിടത്തിലാണ് താത്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്. 2026 ജനുവരിയോട് കൂടി നിർമാണം പൂർത്തിയാകും.