പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുമായി സഹകരിച്ച് പ്രാദേശിക തൊഴിൽമേള ‘കൈകോർക്കാം’ സംഘടിപ്പിച്ചു. അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടന്ന തൊഴിൽമേള നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ പരിധിയിലെ അഭ്യസ്തവിദ്യരും അല്ലാത്തവരുമായവര്‍ക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. ബാങ്കിങ്, ഐ.ടി, ടെക്നിക്കല്‍, അക്കൗണ്ടിംഗ്, റിസപ്ഷനിസ്റ്റ്, ടെലി കോളര്‍, മാര്‍ക്കറ്റിങ്, ടെയ്ലറിങ്, ക്ലീനിങ് തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി 30ൽപ്പരം സ്ഥാപനങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം തൊഴിലവസരങ്ങളാണ് തൊഴില്‍ മേളയിലൂടെ ഉദ്യോഗാര്‍ത്ഥികളില്‍ എത്തിച്ചത്.
പ്രമുഖ കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ തൊഴിൽമേളയിൽ പങ്കെടുത്തു. അപേക്ഷ പരിഗണിച്ചും ഇന്റര്വ്യുവിൻ്റെ അടിസ്ഥാനത്തിലുമാണ് തൊഴില്‍ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗൺസിലര്‍ ബിജു സി. ബേബി, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശശികല അനിരുദ്ധന്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബിന്നു, എന്‍.യു.എല്‍.എം പ്രതിനിധി രഞ്ജിത് അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.



