THRISSUR

പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കും; മന്ത്രി ഒ ആർ കേളു

പട്ടികജാതി പട്ടിക വർഗ്ഗ ഉന്നതികളിലെ വിദ്യാർത്ഥികൾക്ക് മികച്ച ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യം സർക്കാർ നൽകിവരുന്നതായി പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വരന്തരപ്പിള്ളി വേലൂപ്പാടം ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തന പൂർത്തീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സിവിൽ സർവീസ് അടക്കമുള്ള പരീക്ഷകൾക്ക് വേണ്ടിയും വിദേശ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഭാഷാ പഠനം, സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളും വിദ്യാർത്ഥികൾക്ക് വേണ്ടി സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ വികസനം ഭരണഘടനാപരമായ അവകാശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വേലൂപ്പാടം ഗ്രാമപഞ്ചായത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി വഴി നാല് റോഡുകളുടെ നിർമ്മാണം, 41 വീടുകളുടെ പുനരുദ്ധാരണം, പൊതു കിണർ നവീകരണം എന്നിവയാണ് ഒരു കോടി രൂപ ചിലവിൽ പൂർത്തീകരിച്ചത്.

കെ കെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് അധ്യക്ഷനായി. ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ്,
പഞ്ചായത്ത് വൈസ് പ്രസിണ്ട് ടി ജി അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി ഫ്രാൻസീസ്, ഷീല ജോർജ്, ജില്ലാ പട്ടികജാതി ഉപദേശക സമിതി അംഗം പി കെ ശിവരാമൻ, ജില്ലാ പട്ടികജാതി വികസന ഓഫിസർ കെ സന്ധ്യ, പട്ടികജാതി ബ്ലോക്ക് വികസന ഓഫിസർ ടി ആർ ഷാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് തണ്ടാശേരി,ബിനോയ് ഞെരിഞ്ഞാംപിള്ളി, രാജ്കുമാർ കടുന്തയിൽ, നദീർ പൊട്ടെങ്ങൽ, എന്നിവർ പങ്കെടുത്തു.