പുത്തൻചിറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൻ്റെയും ഫ്രണ്ട് ഓഫിസിൻ്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു
പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ പുതിയ കോൺഫറൻസ് ഹാളിൻ്റെയും നവീകരിച്ച ഫ്രണ്ട് ഓഫിസിൻ്റെയും ഉദ്ഘാടനം വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളെ മന്ത്രി ഈ അവസരത്തിൽ സൂചിപ്പിച്ചു. എല്ലാ സംവിധാനങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും, ഇന്റർനെറ്റിലൂടെയാണ് എല്ലാ സേവനങ്ങളും ലഭ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. സുതാര്യമാണ് സർക്കാരിൻ്റെ കാഴ്ചപ്പാടെന്നും കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 56,10,638 രൂപയാണ് ഫ്രണ്ട് ഓഫിസിൻ്റെയും നവീകരിച്ച കോൺഫറൻസ് ഹാളിൻ്റെയും നിർമ്മാണത്തിനായി ചെലവഴിച്ചത്. മിനി ഹാൾ, ടോയിലറ്റ് ഉൾപ്പെടെ 120 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്തിൻ്റെ 126 കോടി രൂപയുടെ വികസന രേഖ പ്രകാശനം ചെയ്തു. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടുകൂടി പച്ചക്കറി തൈ വിതരണവും നടത്തി.
പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ്, വൈസ് പ്രസിഡണ്ട് എ.പി. വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.എൻ. രേണുക, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി സുബ്രഹ്മണ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ്, ബ്ലോക്ക് പഞ്ചായത്ത്–ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



