മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലയില്‍ ആധുനിക ലാബ് സമുച്ചയം ഒരുങ്ങി;ജൂണ്‍ 16 ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയിലെ വെറ്ററിനറി കോളേജില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബ് സമുച്ചയത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മണ്ണുത്തിയിലെ വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജി ക്യാമ്പസില്‍ ജൂണ്‍ 16 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാബ് സമുച്ചയം നാടിനു സമര്‍പ്പിക്കും. ഇതോടൊപ്പം പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍, വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലെ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീര വികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ.എസ്. അനില്‍, സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ഡോ. പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള സര്‍ക്കാരിൻ്റെ നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതി വിഹിതമായ 32 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലാബ്, രോഗ പ്രതിരോധ, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മേഖലകളില്‍ ആധുനിക ഗവേഷണങ്ങളും പരിശോധനകളും പരിശീലനവും നടത്താന്‍ സജ്ജമാണ്. ലാബില്‍ വിവിധ രോഗങ്ങളുടെ നിര്‍ണയം, ഭക്ഷ്യ-കുടിവെള്ള സാമ്പിളുകള്‍, മൃഗങ്ങള്‍ക്കുള്ള തീറ്റ, മണ്ണിലെ ധാതുലവണങ്ങള്‍ എന്നിവയുടെ ഗുണനിലവാര പരിശോധന മുതലായ സര്‍വ്വകലാശാല നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകും. സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ പഠിക്കുന്നതില്‍ 70 ശതമാനം പെണ്‍കുട്ടികളായതിനാല്‍ സര്‍വ്വകലാശാല പെണ്‍കുട്ടികള്‍ക്കുള്ള താമസസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 17 മുറികളുള്ള പുതിയ ഹോസ്റ്റലിൻ്റെ ഒന്നാം നില പൂര്‍ത്തീകരിച്ചു. ഹോസ്റ്റലിന് 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്.



