THRISSUR

ശ്രീരാമസ്വാമി ക്ഷേത്രത്തിന് ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 50 സ്റ്റീൽ ബെഞ്ചുകൾ സമർപ്പിച്ചു

തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച 50 സ്റ്റീൽ ബെഞ്ചുകൾ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു.

ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് രാജൻ പാറേക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന സമർപ്പണ ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി സെക്രട്ടറി ബി. ശശിധരൻ സ്വാഗതം ആശംസിക്കുകയും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ആർ. ദിനേശൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ക്ഷേത്ര ഊട്ടുപുരയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ബെഞ്ചുകൾ തിരക്കേറിയ കർക്കിടകമാസം, ഏകാദശി മഹോത്സവം, പൂരം പുറപ്പാട് തുടങ്ങിയ സമയങ്ങളിൽ വൃദ്ധരും അവശരുമായ ഭക്തജനങ്ങൾക്ക് ഇരിക്കുന്നതിനു കൂടി ഫലപ്രദമാകും. ക്ഷേത്രത്തിൻ്റെ ശുചിത്വവും സൗകര്യവും മെച്ചപ്പെടാനും ഇത് സഹായിക്കും എന്ന് സമിതി വ്യക്തമാക്കി.

ദേവസ്വം ബോർഡ് കമ്മീഷണർ ഉദയകുമാർ, അസിസ്റ്റൻറ് കമ്മീഷണർ മനോജ്, പഞ്ചായത്ത് അംഗം മണികണ്ഠൻ സി. എസ്., ക്ഷേത്ര മാനേജർ മനോജ് കെ. നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപദേശക സമിതി ട്രഷറർ വി.ആർ. പ്രകാശൻ നന്ദി പറഞ്ഞു.

സംഘടനയിലെ മറ്റ് അംഗങ്ങളായ നാരായണൻകുട്ടി, പി.ജി. സുകുമാരൻ, പുഷ്ക്കരൻ, മണികണ്ഠൻ പടിപ്പുരക്കൽ, അജയൻ, രാജി രൻജൻ, സൗമ്യ രൂപേഷ്, ബിൻറി ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ് തൈവളപ്പിൽ, സൽഗുണൻ, പ്രമോദ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.