THRISSUR

മത്സ്യത്തൊഴിലാളികൾക്ക് മോട്ടോർ സൈക്കിളും ഐസ് ബോക്സും വിതരണം നടത്തി

കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യ ത്തൊഴിലാളികൾക്കും മത്സ്യ വിതരണത്തിനായി “മോട്ടോർ സൈക്കിളും ഐസ് ബോക്സും വിതരണം നടത്തി. വിതണോദ്ഘാടനം കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണി ഉല്ലാസൻ അധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും ഉന്നമനത്തിനായും മത്സ്യവിപണന മേഖലയുടെ ശാക്തീകരണത്തിനുമാണ് ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നത്. ലഭിക്കുന്ന മത്സ്യങ്ങളുടെ തന്നതായ ഗുണനിലവാരം നഷ്ടപ്പെടാതെ സമയബന്ധിതമായി ഉൾനാടൻ മേഖലയിലെ ആവശ്യക്കാർക്ക് എത്തിക്കുകയും അതിലൂടെ വിപണനക്കാർക്ക് അർഹതപ്പെട്ട വരുമാനം നേടിക്കൊടുക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മത്സ്യഫെഡ് വ്യാസ സ്റ്റോർ വഴി ലഭിക്കുന്ന ഇൻസുലേറ്റഡ് ഐസ് ബോക്സിൽ വളരെ ദീർഘനേരത്തേക്ക് മത്സ്യത്തിൻ്റെ ഗുണനിലവാരം കുറയാതെ സംരക്ഷിക്കാൻ സാധിക്കും.

പദ്ധതിക്കായി 3,20,000 രൂപയാണ് വകയിരുത്തിയത്. മത്സ്യത്തൊഴിലാളിക്ക് മോട്ടോർസൈക്കിൾ, ഐസ്ബോക്സ് അടങ്ങുന്ന ഒരു യൂണിറ്റ് പദ്ധതി മുഖേന 40,000 രൂപ സബ്സിഡി നിരക്കിൽ ലഭിക്കും. മത്സ്യത്തൊഴിലാളികളുടെ സേവനത്തിനായി, മത്സ്യബന്ധന വല, തീരസുരക്ഷാ ഉപകരണങ്ങൾ, വാട്ടർ ടാങ്ക്, മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, ഫർണീച്ചർ നൽകൽ എന്നീ പദ്ധതികളും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് പഞ്ചായത്ത് മുഖേന നടപ്പിലാക്കി. ചടങ്ങിൽ നാട്ടിക മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ ഷാജഹാൻ, ഷെമീർ, ഇസഹാക്ക്, സാഗർ മിത്ര അംഗം നീതു സെൽവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *