THRISSUR

വോട്ടർ ബോധവത്കരണത്തിന് മ്യൂസിക് വിഡിയോ

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സ്വീപ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പാടിയ സ്വീപ് സോങ് വീഡിയോ ജനപ്രിയമാകുന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സ്വീപ് സോങ്ങിൻ്റെ പ്രകാശനം അസിസ്റ്റൻ്റ് കളക്ടറും സ്വീപിൻ്റെ നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ മനോജും ചേർന്ന് നിർവഹിച്ചു.

തൃശൂരിലെ പൊതുജനങ്ങളെ വോട്ട് ചെയ്യാൻ ക്ഷണിക്കുന്ന രീതിയിലുള്ള വരികൾ എഴുതിയത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധനാണ്. തൃശൂരിൻ്റെ തനിമയും പൈതൃകവും ഉൾകൊള്ളിക്കുന്ന രീതിയിൽ ചെറുതുരുത്തി കഥകളി സ്കൂളിലെ ക്രിയേറ്റീവ് ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണന്റെയും ഡയറക്ടർ വിനു വി ദേവൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഗാനത്തിൻ്റെ ചിത്രീകരണവും ചിട്ടപ്പെടുത്തലും നിർവഹിച്ചിരിക്കുന്നത്.

വോട്ടർ ബോധവത്കരണത്തിൻ്റെ ഭാഗമായി ജില്ലയിലുടനീളം സ്വീപ് പ്രചാരണ പരിപാടികൾ ശക്തമാവുമ്പോൾ കുട്ടിക്കാലം മുതൽ സംഗീതം പഠിച്ച ജില്ലാ കളക്ടറുടെ ആലാപന ശൈലിയും ജനങ്ങളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.

സ്വീപ് സോങ്ങിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെയും ജില്ല ഇൻഫർമേഷൻ ഓഫീസറെയും ജില്ലാ കളക്ടർ പ്രത്യേകം അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. സ്വീപിൻ്റെ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ബിനി സെബാസ്റ്റ്യൻ, കഥകളി സ്‌കൂളിൽ നിന്നുള്ള അണിയറ പ്രവർത്തകരും പങ്കെടുത്തു.