THRISSUR

ഗുരുവായൂര്‍ മണ്ഡലത്തിലെ ദേശീയപാത നിര്‍മ്മാണം

എന്‍.കെ അക്ബർ എംഎല്‍എയുടെ നേതൃത്വത്തിൽ പരിശോധന നടത്തി

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാപ്പിരിക്കാട് മുതല്‍ പൊക്കുളങ്ങര വരെയുള്ള പ്രദേശത്തെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി എന്‍.കെ അക്ബർ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ അവലോകന യോഗം ചേരുകയും തുടര്‍ന്ന് നാഷണല്‍ ഹൈവേ പ്രൊജക്ട് ഡയറക്ടര്‍ പ്രവീണ്‍ കുമാറുമായി ദേശീയപാതയുടെ വിവിധ ഭാഗങ്ങൾ പരിശോധന നടത്തുകയും ചെയ്തു. ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ കത്തിനെ തുടര്‍ന്നാണ് പ്രോജക്ട് ഡയറക്ടര്‍ പരിശോധനയ്ക്കായി എത്തിയത്.

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തങ്ങള്‍പ്പടി, പുന്നയൂര്‍ പഞ്ചായത്തിലെ മന്ദലാംകുന്ന്, ചാവക്കാട് നഗരസഭയിലെ കോട്ടപ്പുറം സെന്‍റര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിസരം, ഒരുമനയൂര്‍ പഞ്ചായത്തിന് മുന്‍വശം, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏത്തായ്, എം.ഇ.എസ് സെന്‍റർ തുടങ്ങി 11 സ്ഥലങ്ങളില്‍ നാഷണല്‍ ഹൈവേയില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അംഗീകാരത്തിന് പ്രൊപ്പോസല്‍ നല്‍കുമെന്ന് പ്രൊജ്ക്ട് ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ അറിയിച്ചു.

മന്ദലാംകുന്ന് ചക്കോലയില്‍ റോഡിന് സമീപം വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശം സന്ദര്‍ശിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകളിലെ എക്സി. എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ദ്ധ സമിതിയെ രൂപീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് കത്ത് നല്‍കാനും യോഗത്തിൽ തീരുമാനിച്ചു. ചാവക്കാട് മണത്തലയില്‍ മണത്തല ജുമാമസ്ജിദിനും മണത്തല ഗവ. ഹയര്‍സെക്കൻ്ററി സ്ക്കൂളിനേയും ബന്ധിപ്പിക്കുന്ന രീതിയില്‍ ഓവര്‍പാസ്സ് നിര്‍മ്മിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും ചെറിയ വെഹിക്കിള്‍ ഓവര്‍പാസ്സോ ജനങ്ങള്‍ക്ക് നടന്നുപോകാവുന്ന രീതിയില്‍ പെഡസ്ട്രിയല്‍ അണ്ടര്‍പാസ്സോ പരിഗണിക്കാമെന്നും പ്രൊജ്ക്ട് ഡയറക്ടര്‍ അറിയിച്ചു.

യോഗത്തിൽ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ജാസ്മിന്‍ ഷഹീര്‍, ബിന്ദുസുരേഷ്, ടി.വി സുരേന്ദ്രന്‍, വിജിത സന്തോഷ്, നാഷണല്‍ ഹൈവേ ഡെപ്യൂട്ടി കളക്ടര്‍ രേവ, ലെയ്സണ്‍ ഓഫീസര്‍ ബാബു, എന്‍.എച്ച് എഞ്ചിനീയര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.