THRISSUR

നാട്ടിക സർവീസ് സഹകരണ ബാങ്ക് ബീച്ച് ബ്രാഞ്ച് കെട്ടിടം നാടിന് സമർപ്പിച്ചു

നാട്ടിക: സഹകരണ പ്രസ്ഥാനങ്ങൾ നാടിൻ്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ബീച്ച് ബ്രാഞ്ച് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഈ നാടിൻ്റെ എല്ലാവിധത്തിലുള്ള പ്രവർത്തനത്തിനും നേതൃത്വം നൽകിയവരാണ് ബാങ്ക് ജീവനക്കാർ. പഞ്ചായത്തുകളുടെ സാമ്പത്തിക സ്രോതസ് ആയി മാറിയവരാണ് സഹകരണ പ്രസ്ഥാനങ്ങളെന്നും സാധാരണക്കാരുടെ ജീവിത മുന്നേറ്റത്തിന് ആവശ്യമായ സഹായം നൽകുന്നത് സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ എല്ലാം നടപ്പാക്കുന്ന സർക്കാരാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ സി.സി മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ബീച്ച് പോസ്റ്റോഫീസ് പരിസരത്ത് 14 സെൻ്റ് സ്ഥലത്തായി 4,000 ചതുരശ്ര അടിയിൽ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായി പണിത കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ബാങ്കും അതിനോട് ചേർന്ന് വളം ഡിപ്പോയും പ്രവർത്തിക്കും. മുകളിലെ നിലയിൽ 120 പേർക്ക് ഇരിക്കാവുന്ന മിനി എ.സി ഹാൾ, ഡൈനിംഗ് ഹാൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. മിനി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് നിർവഹിച്ചു.

ചടങ്ങിൽ നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ഡി സുമി റിപ്പോർട്ട് അവതരണം നടത്തി. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശൻ മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജോഷ് ആനന്ദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എ ഹാരിസ് ബാബു, കെ.എം. കിഷോർകുമാർ, കെ.ബി. ഹംസ, സി.ആർ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.കെ ധർമ്മപാലൻ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.ആർ വിജയരാഘവൻ നന്ദിയും പറഞ്ഞു.