THRISSUR

ഓട്ടുപാറയില്‍ പുതിയ പാലത്തിന് വഴിതുറന്നു

ഓട്ടുപാറ: വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ വടക്കാഞ്ചേരി, ഓട്ടുപാറ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ വേഗത്തിലാക്കി. പഴയ ഇരുമ്പ് പാലത്തിന് പകരമായി വാഹന സഞ്ചാരയോഗ്യമായ പാലം നിര്‍മ്മിക്കുന്നതിനായി അഞ്ച് കോടി 16 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. പാലം നിര്‍മ്മിക്കാന്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

25 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് നിര്‍ദ്ദിഷ്ട പാലത്തിൻ്റെ ഡിസൈന്‍. ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയോടു കൂടിയാണ് പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. ഏഴര മീറ്റര്‍ കാര്യേജ് വേയും 3 മീറ്റര്‍ നടപ്പാതയും ഉണ്ടായിരിക്കും. പാലത്തിൻ്റെയും അപ്രോച്ച് റോഡിൻ്റെയും നിര്‍മ്മാണം ഉള്‍പ്പെടെ 5.16 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.

ഓട്ടുപാറ ടൗണില്‍ ജങ്ഷന്‍ നവീകരണ പദ്ധതിക്ക് രണ്ടര കോടി രൂപ ബജറ്റില്‍ അനുവദിച്ച് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം നടപടികള്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. ഓട്ടുപാറപുഴപ്പാലവും ജങ്ഷന്‍ നവീകരണവും യാഥാര്‍ഥ്യമാകുമ്പോഴുള്ള റോഡ് അലൈമെന്റിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗവും പാലങ്ങള്‍ വിഭാഗവും സംയുക്തമായി ഇന്‍സ്‌പെക്ഷന്‍ നടത്തി അതിൻ്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥതലത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഓട്ടുപാറ പാലം പദ്ധതിയ്ക്ക് സാങ്കേതികാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിവേഗത്തില്‍ മുന്നോട്ട് നീക്കുന്നതിന് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി. മുഹമ്മദ് ബഷീര്‍, തലപ്പിള്ളി താലൂക്ക് സര്‍ക്കിള്‍ കോപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ എന്‍.കെ. പ്രമോദ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ.യു. പ്രദീപ്, എ.ഡി. അജി, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ജി. ബിനു, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.എന്‍. ദീപ, നിരത്തുകള്‍ വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയര്‍ അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ സംഘത്തില്‍ സന്നിഹിതരായിരുന്നു.