ഇത് കുഞ്ഞുനീലീൻ്റേo സ്കൂൾ; സന്തോഷം പങ്കുവെച്ച് ബാലതാരം ദുർഗ സി വിനോദ്
ഉറച്ച ചുവടുകളോടെ ലോകം കീഴടക്കിയ കുഞ്ഞുനീലിയും ഇന്ന് ഏറെ സന്തോഷത്തിലാണ്. കേരളത്തിൽ നിന്നും ആദ്യ 300 കോടി ക്ലബ്ബിൽ ഇടം നേടി അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച ‘ലോക’ സിനിമയിലെ കുഞ്ഞു നീലിയായ ദുർഗ സി വിനോദ് പുതുരുത്തി ഗവ യുപി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. തൻ്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് എന്നും കൂട്ടായി നിൽക്കുന്ന സ്കൂളിന് പുതിയ കെട്ടിടം ലഭിച്ച സന്തോഷത്തിലാണ് ദുർഗയും കൂട്ടുകാരും. സ്കൂൾ കെട്ടിട ഉദ്ഘാടനത്തിൻ്റെ ഭാഗമായുള്ള ചടങ്ങിൽ കൂട്ടുകാരുമൊത്ത് രംഗപൂജ അവതരിപ്പിച്ച് ക്ലാസ്സ് മുറികളിലും പുതിയ കെട്ടിടത്തിലുമെല്ലാം ഓടിനടന്ന് കളിക്കുകയാണ് അവർ.
1919 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ പഴമ കൈവിടാത്ത കെട്ടിടങ്ങൾക്കൊപ്പം അത്യാധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടം കുട്ടികൾക്ക് തികഞ്ഞ ആകാംഷയും സന്തോഷവുമായി. ഉദ്ഘാടനം നിർവഹിച്ച് ക്ലാസ് മുറിയിൽ കയറിയ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎക്കൊപ്പം കൂടിയ കുട്ടികൾ ആർപ്പുവിളികളോടെയാണ് പുതിയ ക്ലാസ് മുറികളെ പരിചയപ്പെട്ടത്. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ക്ലാസ്സ് റൂം, ബാത്റൂം ഉൾപ്പെടെയുള്ള പഠന സൗകര്യങ്ങൾ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ദുർഗ സി വിനോദ് പറഞ്ഞു. ദുർഗ കൈവശമാക്കിയ കായിക കരുത്തിനും മെയ്ക്കരുത്തിനുമൊപ്പം വിദ്യാഭ്യാസത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും മനക്കരുത്തുകൂടി പകർന്നു നൽകുകയാണ് പുതുരുത്തിയിലെ ഈ പൊതു വിദ്യാലയം.



