ഓണം ഖാദി മേള മന്ത്രി കെ. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിൻ്റെ ‘2025 ഓണം ഖാദി മേള’ യുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് നിര്‍വഹിച്ചു. ഖാദി കേവലമൊരു ഫാഷനല്ല മലയാളി ഉയര്‍ത്തിപ്പിടിക്കേണ്ട അടിയന്തരവും അനിവാര്യവുമായ സംസ്കാരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഖാദി ഒരു വസ്ത്രം മാത്രമല്ല അതൊരു ജീവിത ശൈലിയുടെ ഭാഗമായിമാറേണ്ട മഹത്തരമായിട്ടുള്ള ആശയമാണ്. അതുകൊണ്ടുതന്നെ ഖാദി എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒളരിക്കര ഖാദി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും സമ്മാന കൂപ്പണ്‍ വിതരണവും അധ്യക്ഷന്‍ സുരേഷ് ബാബുവും പുതിയ ഖാദി ഉത്പന്നങ്ങളായ ബാന്ദ്നി, ഷിബോരി ചുരിദാര്‍ മെറ്റീരിയലുകളുടെ ലോഞ്ചിങ് എല്‍ത്തുരുത്ത് ഡിവിഷന് കൗണ്‍സിലര്‍ സജിത ഷിബുവും നിര്‍വഹിച്ചു. ചടങ്ങില്‍ മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. രവി, ചേര്‍പ്പ് ഖാദി സൊസൈറ്റി മാനേജര്‍ എന്‍.എസ് വിജിനി, വിവിധ സംഘടനാ പ്രതിനിധികളായ എം.ഒ ഡെയ്സണ്‍, എ.എ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് ഖാദി ബോര്‍ഡ് മെമ്പര്‍ കമല സദാനന്ദന് സ്വാഗതവും ഖാദി ബോര്‍ഡ് പ്രോജക്റ്റ് ഓഫീസര്‍ ധന്യ ദാമോദരന്‍ നന്ദിയും പറഞ്ഞു.
‘എനിക്കും വേണം ഖാദി’ എന്ന സന്ദേശത്തോടെ സെപ്റ്റംബര്‍ നാലു വരെ നീളുന്ന മേളയില്‍ നവീന ഫാഷനിലുള്ള ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ചുരിദാറുകള്‍, ജുബ്ബകള്‍, ദോത്തികള്‍, കോട്ടണ്‍ സില്‍ക്ക് സാരികള്‍, വെളള ഡബിള്‍ മുണ്ടുകള്‍, കുപ്പടം മുണ്ടുകള്‍, ബെഡുകള്‍, ബെഡ് ഷീറ്റുകള്‍, ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ എള്ളെണ്ണ, ചന്ദനത്തിരി, മെഴുക്തിരി, വിളക്കുതിരി, സ്റ്റാര്‍ച്ച് തുടങ്ങിയ തനത് ഉത്പന്നങ്ങളും മേളയില്‍ ലഭിക്കും.
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും 25 ലക്ഷം രൂപയുടെ ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 1,000 രൂപയുടെ പര്‍ച്ചെയ്സിനും സമ്മാന കൂപ്പണ്‍ വഴി ഒന്നാം സമ്മാനമായി ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്കൂട്ടറും മൂന്നാം സമ്മാനമായി 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും, ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ സഹകരണ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവിടങ്ങളിടെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം മേളയില്‍ ലഭ്യമാണ്.



