ശുചിമുറി മാലിന്യ സംസ്കരണ നൂതന പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി
കുന്നംകുളം നഗരസഭയില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റൊരു നൂതന പദ്ധതി കൂടി ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളില്‍ സെപ്റ്റിക് ടാങ്കുകളിലെ ശുചിമുറി മാലിന്യ സംസ്കരണം നടത്തുന്ന മൊബൈൽ ട്രീറ്റ്മെൻറ് യൂണിറ്റ് (എം.ടി.യു) ആണ് ആരംഭിച്ചിട്ടുള്ളത്. നഗരസഭ ടൗണ്‍ഹാളില്‍ വച്ച് നടന്ന ചടങ്ങിൽ എ.സി മൊയ്തീന് എം.എല്‍.എ മൊബൈൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
നഗരസഭ സ്വച്ച് ഭാരത്, തനത് ഫണ്ടുകൾ ഉള്‍പ്പെടെ 48 ലക്ഷം രൂപ ചെലവിലാണ് മൊബൈൽ എഫ്.എസ്.ടി.യു സജ്ജീകരിച്ചിട്ടുള്ളത്. ട്രക്കിൽ ക്രമീകരിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക് സംസ്കരണ യൂണിറ്റില്‍ 6000 ലിറ്റർ ശുചിമുറി മലിനജലം ഒരു മണിക്കൂർ കൊണ്ട് സംസ്കരിച്ച് സുരക്ഷിതമായി ഒഴുക്കി കളയാനും കൃഷി ആവശ്യത്തിനായി ഉപയോഗിക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.
ദേശീയ തലത്തിൽ ശ്രദ്ധേയമായ ദിണ്ഡിഗലിലെ വാഷ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച എം.ടി.യു സാങ്കേതിക വിദ്യ നഗരസഭയിലെ ഭരണസമിതിയും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് വിലയിരുത്തിയാണ് ആരംഭിച്ചിട്ടുള്ളത്. അംഗീകൃത നിർമ്മാതാക്കളായ ഭൗമ എൻവിറോടെക് ആണ് നഗരസഭയ്ക്ക് യൂണിറ്റ് നിർമ്മിച്ച് നല്‍കിയത്. നഗരസഭയിലെ ഓരോ പ്രദേശത്തെയും ആവശ്യാനുസരണം ബുക്കിങ് സ്വീകരിച്ച് ഈ യൂണിറ്റ് പ്രവർത്തിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഗാർഹിക, കൊമേഴ്സ്യൽ ഉപഭോക്താക്കളെയാണ് പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവരുന്നത്. അര്‍ഹരായവര്‍ക്ക് നഗരസഭ ഇളവും നല്‍കും.
യൂണിറ്റില്‍ സംസ്കരിക്കുന്ന ജലത്തില്‍ ദുര്‍ഗന്ധമോ അപകടകാരികളായ അണുക്കള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഉണ്ടാവില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ഫ്ലാഗ് ഓഫ് ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, കൌണ്‍സിലര്‍മാരായ കെ.കെ മുരളി, മിനി മോണ്‍സി, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ മനോജ്, പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്, ക്ലീന്‍ സിറ്റി മാനേജര്‍ എ.വി അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.



