THRISSUR

സ്വച്ഛ് സർവേക്ഷൻ 2025; ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

കുന്നംകുളം: സ്വച്ഛ് സർവേക്ഷൻ 2025 ൻ്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ കിഴൂർ ശ്രീ വിവേകാനന്ദ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വ്യാപാര വ്യവസായ കേന്ദ്രങ്ങളിൽ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

നഗരത്തിലെ വ്യാപാര-വ്യവസായ കേന്ദ്രങ്ങളിൽ മാലിന്യ സംസ്കരണം ശരിയായ രീതിയിൽ ക്രമപ്പെടുത്തുകയും നഗരസഭയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിൽ കടയുടമകളെയും സജീവമായി പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിനിൻ്റെ പ്രധാന ലക്ഷ്യം.

50 എൻ.എസ്.എസ് വിദ്യാർത്ഥികളാണ് നഗരസഭയുടെ ഈ ഉദ്യമത്തിൽ പങ്കാളികളായത്. കുന്നംകുളം നഗരസഭയിൽ ഉൾപ്പെട്ട വ്യാപാര വ്യവസായ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ച വിദ്യാർത്ഥികൾ ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കൽ, ശാസ്ത്രീയ മാലിന്യ സംസ്കരണം, നഗര ശുചിത്വവും സൗന്ദര്യവത്കരണവും എന്നിവയുടെ പ്രാധാന്യം വ്യാപാരികൾക്ക് വിശദീകരിച്ചു. കൂടാതെ, നഗരസഭയുടെ മാലിന്യ സംസ്കരണ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസുകളും വ്യാപാരികൾക്ക് വിതരണം ചെയ്തു.

നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എ. രഞ്ജിത് സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി കെ.കെ. മനോജ് ക്യാമ്പയിനിൻ്റെ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം. സുനിൽ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ്. പ്രവീൺ, പി.എസ്. സജീഷ്, പി.പി വിഷ്ണു, സജിനി. വി സാമുവേൽ, ജൂലി ജെൻസൻ, ടി.ജി ഗോപിക, പി.യു. അൻസില, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ടി.വി മഞ്ജു, ദിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.