പോർക്കുളം ഗ്രാമപഞ്ചായത്ത് പുതിയ ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു
കാലങ്ങളായി പഞ്ചായത്ത് മൃഗാശുപത്രിയോടു ചേർന്നുള്ള മുറിയിൽ പ്രവർത്തിച്ചിരുന്ന പോർക്കുളം ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടമായി.
പോർക്കുളം ഗ്രാമപഞ്ചായത്ത് പുതിയ ഹോമിയോ ആശുപത്രി കെട്ടിടം എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എ.സി. മൊയ്തീൻ എം.എൽ.എ യുടെ 2019-2020 ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് അക്കിക്കാവ് കപ്പൂർ ക്ഷേത്രത്തിനോട് ചേർന്നുള്ള പഞ്ചായത്തിൻ്റെ ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 1500 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ഹോമിയോ ആശുപത്രി കെട്ടിടം നിർമിച്ചത്. കുടിവെള്ളത്തിനാവശ്യമായ കുഴൽ കിണർ സൗകര്യം എന്നിവ പോർക്കുളം പഞ്ചായത്ത് പ്രവൃത്തിയിലാണ് പൂർത്തീകരിച്ചത്. ഞായറാഴ്ച്ച ഒഴികെ എല്ലാം ദിവസവും രാവിലെ എട്ട് മുതൽ രണ്ട് മണി വരെ ആശുപത്രിയിൽ ഡോക്ടറുടെ സേവനവും മരുന്ന് വിതരണവും ഉണ്ടായിരിക്കും.
പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം പത്മ വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ടി.വി നൈജു റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു ബാലൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഖില മുകേഷ്, പഞ്ചായത്ത് മെമ്പർമാരായ രജനി പ്രേമൻ, വിജിത പ്രജി, കെ.എ. ജ്യോതിഷ്, രേഖ ജയരാമൻ, നിമിഷ വിഗീഷ്, ബിജു കോലാടി, സുധന്യ സുനിൽകുമാർ, കെ.സി. നിഖിൽ, പോർക്കുളം എഫ്. എച്ച്. സി മെഡിക്കൽ ഓഫീസർ പിങ്കി പോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കെ.എം. നാരായണൻ, വി.വി. ബാലചന്ദ്രൻ, കെ.വി വിഗീഷ്, ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ സ്മിത ജോസഫ് തുടങ്ങിയവർ സംസാരിച്ചു.



