THRISSUR

ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു

“എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ” എന്ന സർക്കാരിൻ്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.

ആല പനങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനായി 30 സെൻ്റ് സ്ഥലം അനുവദിച്ചു നൽകിയ പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജിക്കും, ഭാര്യ ഹാജിറയ്ക്കും സംസ്ഥാന സർക്കാരിൻ്റെ പേരിൽ പ്രത്യേക നന്ദിയും ആദരവും മന്ത്രി അറിയിച്ചു. 30 സെന്റിൽ സ്മാർട്ട് വില്ലേജ് ഓഫീസ് മാത്രമല്ല കയ്പമംഗലം നിയോജകമണ്ഡലത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി സെപ്റ്റംബർ മാസത്തിൽ തന്നെ നൽകി നിർമ്മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആല പനങ്ങാട് വില്ലേജ് ഓഫീസ് കേരളത്തിലെ 629 മത്തെ സ്മാർട്ട് വില്ലേജ് ഓഫീസാവുകയാണ്. 839 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുന്നു. ആയിരം വില്ലേജ് ഓഫീസുകൾ പുതിയ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് സ്മാർട്ട് ആക്കുന്നതിൻ്റെ ഭാഗമായി എല്ലാവർക്കും പത്ത് അക്ക സംഖ്യയുള്ള ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിന് സമാനമായ ഡിജിറ്റൽ റവന്യൂ കാർഡുകൾ വിതരണം ചെയ്യും. ഡിജിറ്റൽ കാർഡുകൾ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഓരോ ആവശ്യത്തിനായി ഓഫീസുകൾ കയറി ഇറങ്ങേണ്ട സ്ഥിതി വിശേഷം ഉണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇ ടി ടൈസൺ മാസ്റ്റർ എം എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.