THRISSUR

സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു

പുത്തൂര്‍: ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ സൂവായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് കാണാന്‍ അവരെത്തി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവിധയിനം പക്ഷികളും മൃഗങ്ങളും അടങ്ങുന്ന പ്രകൃതിരമണീയമായ കാഴ്ചകള്‍ കണ്ടു നടന്നു. കുറ്റൂര്‍ സ്വാശ്രയ, ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍, കാര്യാട്ടുകര അംഹ, മണ്ണുത്തി സ്‌നേഹ ദീപ്തി, അത്താണി പോപ്പ് പോള്‍ എന്നീ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി നൂറ് വിദ്യാര്‍ത്ഥികളാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചത്.

റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് സാമൂഹ്യ നീതി വകുപ്പാണ് കുട്ടികളെ പാര്‍ക്കിലെത്തിച്ചത്. മന്ത്രി കെ. രാജന്‍ സന്തോഷത്തോടെ കുട്ടികളെ സ്വീകരിച്ചു. പാര്‍ക്കിലെത്തിയ കുട്ടികള്‍ പാട്ടും കളികളുമായി മന്ത്രിയോടൊപ്പം സന്ദര്‍ശനം കളറാക്കി. പാര്‍ക്കിന്റെ സംഘാടക സമിതി കുട്ടികള്‍ക്കായ് ലഘുഭക്ഷണവും തയ്യാറാക്കിയിരുന്നു. മൃഗങ്ങളെയും പക്ഷികളെയും അടുത്ത് കണ്ട സന്തോഷത്തില്‍ ഇനിയും വരണമെന്ന് പറഞ്ഞാണ് കുട്ടികളുടെ സംഘം തിരിച്ചു പോയത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി പ്രദീപ്കുമാര്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, സാമൂഹ്യ നീതി വകുപ്പില്‍ നിന്ന് മാല രമണന്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു.

സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യാപാരികളുടെ സംഘവും സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. പുത്തൂരിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിനും സാമ്പത്തിക അടിത്തറ മെച്ചപ്പെടുന്നതിനും സുവോളജിക്കല്‍ പാര്‍ക്ക് സഹായകമാകുമെന്ന് അവര്‍ പറഞ്ഞു.