THRISSUR

അധ്യാപകദിനാചരണം സംഘടിപ്പിച്ചു; മികച്ച അധ്യാപകരെ ആദരിച്ചു

റവന്യൂ ജില്ലാ അധ്യാപകദിനാചരണം തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ് പൂവത്തിങ്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായി.

2025-ലെ മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ നേടിയ തൃശ്ശൂര്‍ ജില്ലയിലെ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സേക്രഡ് ഹാര്‍ട്ട് കോണ്‍വെൻ്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ്, അയ്യന്തോള്‍ ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ ടി.ടി. സൈജന്‍, കൊടകര ഗവ. എച്ച്.എസ്.എസ്. പ്രധാനാധ്യാപകന്‍ എം. സുധീര്‍ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങില്‍ സുബ്രതോ കപ്പ് ഫുട്‌ബോളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും ദേശീയതലത്തില്‍ മൂന്നാം സ്ഥാനവും നേടിയ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്. അവിട്ടത്തൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയും സംസ്ഥാനതല സെക്കൻ്റ് റണ്ണറപ്പായ പുറനാട്ടുകര ശ്രീരാമകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും പരിശീലകരെയും അനുമോദിച്ചു.

ചടങ്ങില്‍ വി.എച്ച്.എസ്.ഇ. വിഭാഗം അസി. ഡയറക്ടര്‍ പി. നവീന, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ എന്‍.കെ. രമേശ്, എല്‍.ബി.എം.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി. ബിന്ദു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജയപ്രകാശ് പാറപ്പുറത്ത് അധ്യാപക സംഘടന പ്രതിനിധി സാജന്‍ ഇഗ്‌നേഷ്യസ്, സി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.