THRISSUR

കെ.ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാളിലെ പ്രധാന ഹാള്‍ തുറന്നു

കുന്നംകുളം നഗരസഭയിലെ ചൊവ്വന്നൂര്‍ കെ.ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാളിൻ്റെ ഒന്നാം നിലയിലെ പ്രധാന ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു. എ.സി മൊയ്തീന്‍ എം.എല്‍.എ ഹാൾ ഉദ്ഘാടനം ചെയ്തു. നഗരസഭ പദ്ധതിയില്‍ 60 ലക്ഷം രൂപ എസ്.സി ഫണ്ട് ഉപയോഗിച്ചാണ് ഹാൾ നിർമിച്ചത്. 4500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഹാളിൽ വരാന്ത, ലോബി, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹാളില്‍ കോണ്‍ക്രീറ്റ് പില്ലറില്‍ സ്റ്റീല്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഷീറ്റ് റൂഫിങ്ങ്, സ്റ്റേജ്, ഇലക്ട്രിഫിക്കേഷന്‍ എന്നിവയും നടത്തിയിട്ടുണ്ട്. 2019 ല്‍ തുറന്നുകൊടുത്ത താഴത്തെ നിലയില്‍ ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, ടോയ്ലറ്റ് ബ്ലോക്ക്, ചുറ്റുമതില്‍, കുടിവെള്ള സംവിധാനം എന്നീ സൗകര്യങ്ങളാണുള്ളത്. കെ.ആര്‍ നാരായണന്‍ കമ്മ്യൂണിറ്റി ഹാള്‍ നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് 50 ശതമാനം ഇളവ് തുകയില്‍ ഉപയോഗിക്കാനാകും.

കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിത്ര വിനോബാജി വിശിഷ്ടാതിഥിയായി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ സിന്‍സി ജോര്‍ജ്, ബിജു സി. ബേബി, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സുമേഷ്, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, എ.എക്സ്.ഇ ബിനയ് ബോസ്, പട്ടികജാതി വികസന ഓഫീസര്‍ എം. എന്‍ ബിന്ദു, കെ.കെ ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.