തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഇനി പുഴയ്ക്കൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം
തോളൂർ: തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം പുഴയ്ക്കൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനം ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. ആർദ്രം മിഷൻ ജനങ്ങൾക്ക് ചികിത്സാ സേവനങ്ങൾ ഏറ്റവും മെച്ചപ്പെട്ട ഗുണ നിലവാരം ഉറപ്പാക്കി നൽകുന്നതിനും അതോടൊപ്പം പരമാവധി വികേന്ദ്രീകരിച്ച് നൽകുന്നതിനും വേണ്ടി വിവിധ കർമ പരിപാടികളിലൂടെ ആരോഗ്യ രംഗത്ത് നടപ്പാക്കുന്ന ഒരു പ്രത്യേക മിഷൻ ആണെന്ന് മന്ത്രി പറഞ്ഞു. ആർദ്രം മിഷൻ്റെ ഗുണഫലങ്ങൾ നമ്മുടെ നാട്ടിൽ നല്ല നിലയിൽ തന്നെ ആളുകൾക്ക് ലഭിക്കുന്നു എന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീലാ രാമകൃഷ്‌ണൻ സ്വാഗതം ആശംസിച്ചു. തോളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. യു. ജിത്ത് നന്ദി പറഞ്ഞു.

നവ കേരള കർമ്മ പദ്ധതി ആർദ്രം നാഷണൽ ഹെൽത്ത് മിഷൻ മുഖേന അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നത്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി വാപ്കോസ് ഏജൻസിയുടെ മേൽനോട്ടത്തിൽ ഫാർമസി കെട്ടിടം നവീകരിക്കുകയും ലാബ് പുതുക്കിപ്പണിയുകയും ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ജ്യോതി ജോസഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി സാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ജോസ്, വി. എസ് ശിവരാമൻ, തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. ടി പി ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി സജീവ് കുമാർ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് എച്ച് ദാസ്, തുടങ്ങിയവർ സംസാരിച്ചു.



