THRISSUR

പഴമ ചോരാതെ നവീകരിച്ച മുസാവരി ബംഗ്ലാവ് ഉദ്ഘാടനം ചെയ്തു

കുന്നംകുളം : 100 വര്‍ഷത്തിലേറെ പഴക്കമുള്ളതും ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ചതുമായ കുന്നംകുളം നഗരസഭയിലെ മുസാവരി ബംഗ്ലാവ് പഴമയുടെ തനിമ ചോരാതെ നവീകരിച്ച് സമര്‍പ്പിച്ചു. എ.സി മൊയ്തീന്‍ എം.എല്‍.എ നവീകരിച്ച മുസാവരി ബംഗ്ലാവ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു മുഖ്യാതിഥിയായി.

ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചതാണ് മുസാവരി ബംഗ്ലാവ്. ഹെര്‍ബെര്‍ട്ട് എന്ന ബ്രിട്ടീഷ് എന്‍ജിനീയറായിരുന്നു കുറേകാലം മുസാവരി ബംഗ്ലാവില്‍ താമസിച്ചിരുന്നത്. വലിയങ്ങാടിയെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിച്ച അദ്ദേഹത്തിന് ആദരമായി കഴിഞ്ഞ ഭരണസമിതി ടൗണ്‍ഹാള്‍ റോഡ് പുതുക്കി പണിത് ഹെര്‍ബര്‍ട്ട് റോഡ് എന്ന് നാമകരണം ചെയ്തിരുന്നു. 1948 ല്‍ രൂപീകൃതമായ കുന്നംകുളം നഗരസഭയുടെ ഭരണസമിതി 1980 വരെ മുസാവരി ബംഗ്ലാവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മജിസ്ട്രേറ്റ് കോടതി, കെ.എസ്.ഇ.ബി, ഓഫീസ്, കുടുംബക്കോടതി അടക്കം വിവിധ ഓഫീസുകള്‍ മുസാവരി ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു. കുടുംബശ്രീ ഓഫീസാണ് ഒരുവര്‍ഷം മുന്‍പ് അവസാനമായി ഇവിടെ പ്രവര്‍ത്തിച്ചത്. 30 ലക്ഷം രൂപയാണ് മുസാവരി ബംഗ്ലാവിൻ്റെ നവീകരണ ചെലവ്. മേല്‍ക്കൂര, ചുമരുകള്‍, എന്നിവയുടെ കേടുപാടുകള്‍ പരിഹരിച്ചും ഓടുമേഞ്ഞും തൂണുകള്‍ പുതുക്കി പണിതും നിലം മികവുറ്റ ടൈലുകള്‍ പാകിയും മിനുക്കി.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ കെ.കെ മുരളി, ബിജു സി.ബേബി, ലെബീബ് ഹസ്സന്‍, മുന്‍ ചെയർപേഴ്സൺമാരായ കെ.സി ബാബു, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.ജി ജയപ്രകാശ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം. എന്‍ സത്യന്‍, നഗരസാഭ സെക്രട്ടറി കെ. കെ മനോജ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനയ് ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നിര്‍മ്മാണം നടത്തിയ കെ.എസ്.എ ബില്‍ഡേഴ്സിന് ഉപഹാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *