തൃശ്ശൂർ കുറ്റിപ്പുറം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ: കളക്ടർ സന്ദർശനം നടത്തി
കുറ്റിപ്പുറം: തൃശ്ശൂർ കുറ്റിപ്പുറം കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി സന്ദർശനം നടത്തി. പുഴക്കൽ ശോഭാ സിറ്റിക്ക് മുൻവശമുള്ള മൈനർ ബ്രിഡ്ജ് ഒക്ടോബർ 10 ന് പണിപൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു. ഡിസംബർ അവസാനത്തോടെ മുഴുവൻ റോഡ് പണിയും പൂർത്തിയാക്കുമെന്നും നിലവിൽ 90 ശതമാനം പി ക്യു സി കോൺക്രീറ്റിംഗ് പ്രവൃത്തികളും പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
നിലവിൽ അവസാനഘട്ട ടാറിംഗ്, ഡ്രെയ്നേജ്, ഫുട്പാത്ത്, തുടങ്ങിയ ജോലികൾ നടന്നുവരുന്നതായും കെഎസ്ടിപി അധികൃതർ അറിയിച്ചു.

കെ.എസ്.ടി.പി. കോർഡിനേഷൻ കമ്മിറ്റി യോഗം കളക്ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് എല്ലാ മാസവും അവലോകനം ചെയ്തു വരുന്നുണ്ട്. കൂടാതെ സബ് കളക്ടറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും സബ് കമ്മിറ്റി കൂടി പ്രവൃത്തി പുരോഗതി വിലയിരുത്തി വരുന്നുണ്ട്. കെ എസ് ടി പി അസിസ്റ്റൻ്റ് എൻജിനീയർ കെ.എം മനോജ്, പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവർ പങ്കെടുത്തു.



