കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ
അഴിക്കോട് : കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 2026 ലെ മൺസൂൺകാല ട്രോളിങ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയാണ് (52 ദിവസം) മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നത്.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും പ്രജനന സജ്ജമായ മത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായി ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
സംസ്ഥാന തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ട്രോൾ ബാൻ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം നടത്തി. അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസൽ ബങ്കുകൾ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രോളിംഗ് ബോട്ടുകൾ ജൂൺ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പോലീസ് എന്നിവർ ഉറപ്പാക്കും.
ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ജില്ലയിൽ 2 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. കൂടാതെ ഫിഷറീസ് സ്റ്റേഷൻ്റെ കീഴിലുളള ഒരു എഫ്.ആർ.പി. വള്ളങ്ങളും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്ക് വിന്യസിച്ചു.
കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും കടൽ പട്രോളിങ്ങിനുമായി ജില്ലയിൽ രണ്ട് ബോട്ടുകളും റെസ്ക്യൂ സംഘവും അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ 8 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി നിയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ നേവിയിൽ നിന്നും ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ നിന്നും പ്രത്യേക പരിശീലനം കിട്ടിയ മറൈൻ എൻഫോഴ്സ്മെൻ്റ് ആൻഡ് വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ട്രോളിങ് നിരോധന കാലയളവിൽ രാസവസ്തുക്കൾ കലർന്നതോ പഴകിയതോ ആയ മത്സ്യം വരുന്നത് തടയാൻ ഫിഷറീസ് – ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ കർശന പരിശോധന നടത്തും.
ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്റ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന കാലാവസ്ഥ വകുപ്പിൻ്റെ കാലാവസ്ഥ മുന്നറിയിപ്പുകൾ മത്സ്യ തൊഴിലാളികൾ കർശനമായും പാലിക്കേണ്ടതാണ്.
അന്യസംസ്ഥാന മത്സ്യബന്ധന യാനങ്ങൾ ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് കേരള തീരം വിട്ടു പോകേണ്ടതാണ്.
ഹാർബറുകളിലും ലാൻഡിങ് സെൻ്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ ബങ്കുകൾ ട്രോളിങ് നിരോധന കാലയളവിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല. രാജ്യ സുരക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ക്യു ആർ കോഡുള്ള ആധാർ കാർഡ് കയ്യിൽ കരുതേണ്ടതാണ്. കടലിൽ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ തത്സമയ ആശയവിനിമയം ഉറപ്പാക്കുന്നതിനും യാനങ്ങൾ പെട്ടെന്നു കണ്ടെത്തി രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും ചുഴലിക്കാറ്റ്, സുനാമി മുന്നറിയിപ്പുകൾ,മത്സ്യ ലഭ്യത, മത്സ്യബന്ധന മേഖലയിലെ മറ്റു വിവരങ്ങൾ, തത്സമയ കാലാവസ്ഥാ അറിയിപ്പുകൾ എന്നിവ കൈമാറുന്നതിനും ഉപഗ്രഹം വഴി കടലിലെ അടിയന്തര സാഹചര്യങ്ങളിൽ, ദുരന്ത മുന്നറിയിപ്പുകൾ, ലൊക്കേഷൻ ട്രാക്കിങ്, എന്നിവ സഹായിക്കുന്ന ഫിഷറീസ് വകുപ്പ് സൗജന്യമായി നൽക്കുന്ന ട്രാൻസ്പോണ്ടറുകൾ എല്ലാ യാനങ്ങളിലും നിർബന്ധമായും ഘടിപ്പിക്കണം.
ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, തുടങ്ങിയവ മതിയായ എണ്ണം യാനങ്ങളിൽ സൂക്ഷിക്കേണ്ടതാണ്. ജിപിഎസ്, വയർലെസ്, സിഗ്നൽ ലൈറ്റുകൾ മുതലായ ദിശാ നിർണ്ണയ വാർത്താവിനിമയ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കേണ്ടതാണ്. കടലിൽ പോകുന്നവർ യാനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, പെർമിറ്റ്, ഇൻഷുറൻസ് രേഖ എന്നിവ കരുതണം. ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ട്രോളിങ്ങ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് പോകുന്ന ഇൻബോർഡ് വള്ളത്തോടെപ്പം ഒരു ക്യാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളു. മത്സ്യബന്ധന യാനങ്ങൾ നിർബന്ധമായും കളർ കോഡിങ് പാലിക്കേണ്ടതാണ്. ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന വഞ്ചികൾ, വള്ളങ്ങൾ എന്നിവ ജില്ലയുടെ തീരത്ത് ഇറക്കാനോ, മീൻപിടിക്കാനോ പാടുള്ളതല്ല.
കടലിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിചുള്ള മത്സ്യ ബന്ധനം ഗുരുതരമായ നിയമ ലംഘനമാണ്.
ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം അഴിക്കോട് ഫിഷറീസ് സ്റ്റേഷനിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂമിലേക്ക് 0480 2996090 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ അറിയിക്കാവുന്നതാണ്. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ ഫിഷറീസ് സ്റ്റേഷൻ, അഴിക്കോട്: 0480 2996090 | കോസ്റ്റൽ പോലീസ്, അഴിക്കോട് : 0480 28151 , കോസ്റ്റൽ പോലീസ്, മുനക്കകടവ് : 0487 2530115,
കോസ്റ്റൽ പോലീസ് (ടോൾ ഫ്രീ നമ്പർ) 1093 .ട്രോളിങ് നിരോധ ലംഘിക്കുന്നവർക്കെതിരെയും കേരള സമുദ്ര മത്സ്യമ്പന്ധന നിയന്ത്രണ നിയമം 1980 ലംഘിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ കെ.പി ഗ്രേസി അറിയിച്ചു.



