വടക്കാഞ്ചേരി സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി: കൃഷിഭവനുകൾ സ്മാർട്ട് ആകുന്നതിനൊപ്പം കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളും സ്‍മാർട്ട് ആകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വടക്കാഞ്ചേരിയിലെ സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്മാർട്ട് കൃഷിഭവനിലൂടെ ബയോ ഫാർമസി, ഹെൽത്ത് ക്ലിനിക് ഉൾപടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാകും. കൃഷി ഓഫീസർമാർ കൃഷിഭവനുകളിൽ മാത്രം ഒതുങ്ങാതെ കൃഷിയിടങ്ങളിൽ എത്തി കാർഷികവിളകളെ പരിശോധിച്ച് കർഷകർക്ക് ഗുണകരമാകുന്ന തലത്തിലും പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകണം. കൃഷിവകുപ്പ് നടപ്പാക്കിയ കതിർ ആപ്പിലൂടെ കർഷകർക്ക് കൃഷിയുടെ ചിത്രം എടുത്ത് അപ്‌ലോഡ് ചെയ്താൽ അന്നുതന്നെ ആവശ്യമായ നിർദ്ദേശം നൽകി പോകുന്നുണ്ട്. കർഷകർക്ക് ആവശ്യമായ സഹായം നൽകേണ്ടത് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. കൃഷി സ്മാർട്ട് ആകുമ്പോൾ ഭക്ഷണവും ആരോഗ്യവും സ്മാർട്ടാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായി. കെ എൽ ഡി സി ചീഫ് എഞ്ചിനിയർ പി കെ ശാലിനി റിപ്പോർട്ട് അവതരണവും ജില്ലാ കൃഷി ഓഫീസർ ഇ എഫ് നിംബ ഫ്രാങ്കോ പദ്ധതി വിശദീകരണവും നടത്തി. കാർഷിക സേവനങ്ങൾ കാര്യക്ഷമമായും സുതാര്യമായും കർഷകരിൽ എത്തിക്കുകയാണ് സ്മാർട്ട് കൃഷിഭവനിലൂടെ. രണ്ടു കോടി രൂപ വിനിയോഗിച്ചാണ് വടക്കാഞ്ചേരിയിൽ 3470 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ രണ്ടു നില കൃഷിഭവൻ കെട്ടിടം ഒരുക്കിയത്. ഫ്രണ്ട് ഓഫീസ് സൗകര്യം, കീടബാധകൾ പരിശോധിക്കുന്നതിനുള്ള വിള ആരോഗ്യ കേന്ദ്രം, വിപണത്തിന് ആവശ്യമായ എക്കോ ഷോപ്പ്, പരിശീലന ഹാൾ, എക്സിബിഷൻ ഹാൾ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്മാർട്ട് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ, നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ആർ അനൂപ് കിഷോർ, സി വി മുഹമ്മദ് ബഷീർ, പി ആർ അരവിന്ദാക്ഷൻ, സ്വപ്ന ശശി, എ എം ജമീലാബി, വാർഡ് കൗൺസിലർ എ ഡി അജി, തൃശൂർ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ശ്രീലേഖ, മേരി വിജയ, വടക്കാഞ്ചേരി ബ്ലോക്ക് എഡിഎ അർച്ചന വിശ്വനാഥൻ, കെ എൽ ഡി സി എഞ്ചിനിയർ അഖിൽ, വടക്കാഞ്ചേരി കൃഷി ഓഫീസർ എം എൻ ദിപിൻ, കൗൺസിലർമാർ, സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.



