THRISSUR

വാടാനപ്പള്ളി ജി.എച്ച്.എസ്.എസിന് സ്വന്തമായൊരു കളി സ്ഥലം

സ്ഥലമെടുപ്പ് സംഘാടക സമിതി രൂപീകരിച്ചു

122 വർഷത്തിലേറെ പഴക്കമുള്ള ജി.എച്ച്.എസ്.എസ് വാടാനപ്പള്ളിയുടെ ഏറെക്കാലത്തെ ആവശ്യമായ സ്വന്തമായൊരു കളിക്കളം എന്ന സ്വപ്ന പദ്ധതിക്കായി സ്ഥലമെടുപ്പ് സംഘാടക സമിതി രൂപീകരിച്ചു. മുരളി പെരുനെല്ലി എംഎൽഎ യോ​ഗം ഉദ്ഘാടനം ചെയ്തു.

കുട്ടികൾ മാരക ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്ന കാലത്ത് കുട്ടികളുടെ ലഹരിയെ കളിക്കളത്തിലേക്കും വായനയിലേക്കും കൊണ്ടുവരേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു.

പ്രീപ്രൈമറി മുതൽ പ്ലസ്ടു തലം വരെ പഠന സൗകര്യമുള്ള ഈ തീരദേശ സർക്കാർ സ്‌കൂളിൽ കായിക രംഗത്ത് സംസ്ഥാന തലത്തിൽ വരെ മികച്ച പ്രകടനം കാഴ്ച‌വയ്ക്കുന്ന കുട്ടികളുണ്ടെങ്കിലും പരിശീലനത്തിന് പര്യാപ്തമായ ഒരു കളിസ്ഥലം ഇവിടെ ഇല്ല. സ്‌കൂൾ കോമ്പൗണ്ടിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ 30 സെന്റോളമുള്ള സ്ഥലം വിൽപനയ്ക്ക് വച്ചതോടെയാണ് സ്‌കൂളിനായി ഒരു കളിക്കളം എന്ന ചർച്ച വീണ്ടും സജീവമായത്. കളിസ്ഥലം നിർമ്മിക്കുന്നതിന് ആദ്യ പടിയായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമാണ് സംഘാടക സമിതിയായത്.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, ഗ്രാമപഞ്ചായത്തം​ഗം ആശ ഗോകുൽദാസ്, ചാവക്കാട് തഹസിൽദാർ എം.കെ കിഷോർ, വലപ്പാട് എഇഒ കെ.വി അമ്പിളി, തളിക്കുളം ബിപിസി ടി.വി ചിത്രകുമാർ, പ്രിൻസിപ്പൽ പി.എം കണ്ണൻ, വൈസ് പ്രിൻസിപ്പൽ വി.എം ഹനീഫ, അധ്യാപിക കെ.എസ് മഞ്ജീര തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പിടിഎ, എംപിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.