THRISSUR

അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തു

ചാവക്കാട് നഗരസഭയിലെ അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തു. 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ പ്രദേശത്തെയും വെള്ളക്കെട്ട് രൂക്ഷമായ പ്രദേശത്തെയും 24 അങ്കണവാടികളിലേക്കായി 4,80,000 രൂപ ചെലവഴിച്ചാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി കുട്ടികള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ മുബാറക് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.വി. ശാന്തിനി പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ. എ.വി മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ എം.ആര്‍ രാധാകൃഷ്ണന്‍, രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അബ്ദുള്‍ റഷീദ് സ്വാഗതവും ബുഷ്‌റ ലത്തീഫ് നന്ദിയും പറഞ്ഞു.