KUWAITMIDDLE EAST

കോഴിക്കോട് ജില്ലാ അസോസിയേഷൻ 2026: സാൽമിയ ഏരിയയിൽ ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നു

സാൽമിയ: കോഴിക്കോട് ജില്ലാ അസോസിയേഷൻ 2026 ലേക്കുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളുടെയും, ഏരിയ കമ്മിറ്റി ഭാരവാഹികളുടെയും, മഹിളാ വേദി ഭാരവാഹികളുടെയും തിരഞ്ഞെടുപ്പും ജനറൽ ബോഡിയും 2025 ഡിസംബർ 19-ന് വൈകിട്ട് 5.30ന് സാൽമിയ നിലവറ റസ്റ്റോറൻ്റിന് സമീപമുള്ള ഹാളിൽ വെച്ച് നടന്നു.

സാൽമിയ ഏരിയ പ്രസിഡണ്ട് ജിനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ശൈലേഷ് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് രാകേഷ് പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഏരിയ സെക്രട്ടറി ശൈലേഷ് ഏരിയ റിപ്പോർട്ട് അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി ഷാജി കെ.വി., ഷരീഫ് താമരശ്ശേരി, ജോയിൻ്റ് ട്രഷറർ സലം, മഹിളാ വേദി സെക്രട്ടറി രേഖ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശേഷം വരണാധികാരി ഷാഫി കൊല്ലത്തിൻ്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു. ഇതിൽ ജിനീഷിനെ ഏരിയ പ്രസിഡണ്ടായും, ശൈലേഷിനെ സെക്രട്ടറി യായും, ഗഫൂറിനെ ട്രഷററായും തിരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റിയിലേക്കുള്ള ഏരിയ പ്രതിനിധ്യത പ്രകാരം ലഭ്യമായ ആറു ഒഴിവുകളിലേക്ക് ഷാജി കെ.വി., അനിൽ മൂടാടി, അരുണ്‍ലാൽ, റഷീദ്, സൂരജ് സുകുമാരൻ, പ്രകാശൻ എന്നിവരെ തിരഞ്ഞെടുത്തു. മഹിളാ വേദി ഏരിയ കമ്മിറ്റി ഭാരവാഹികളായി രശ്മി അനിലിനെ പ്രസിഡണ്ടായും, ആതിര രഞ്ജിത്തിനെ സെക്രട്ടറിയായും, അനുഷ ജയിംസിനെ ട്രഷററായും തിരഞ്ഞെടുത്തു. മഹിളാ വേദിയുടെ നാല് ഒഴിവുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെ പിന്നീട് നടക്കുന്ന ഏരിയ മീറ്റിംഗിലൂടെ തിരഞ്ഞെടുത്ത് കേന്ദ്ര കമ്മിറ്റിയെ അറിയിക്കാമെന്ന ധാരണയും യോഗത്തിൽ ഉണ്ടായി.

തുടർന്ന് പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം വീണ്ടും ആരംഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് അംഗങ്ങൾ എല്ലാവിധ ആശംസകളും നേർന്നു. അവസാനമായി ട്രഷറർ ഗഫൂർ നന്ദി പറഞ്ഞു. ഇതോടെ യോഗ നടപടികൾ പൂർത്തിയാക്കി മീറ്റിംഗ് പിരിച്ചുവിട്ടു.