മലപ്പുറം അസോസിയേഷൻ കുവൈറ്റ് “മാമാങ്കം 2K25” ഒക്ടോബർ 31ന്
കുവൈറ്റ് : കലാ-സാംസ്കാരിക സാഹിത്യ – മതനിരപേക്ഷതയുടെയും സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും പ്രതീകമായ മലപ്പുറം ജില്ലയിലെ പ്രവാസി കൂട്ടായ്മയായ മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റ് (MAK) ഈ വർഷം എട്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഭംഗിയുറ്റ കലാസാംസ്കാരിക മഹാമേളയായ PHOENIX “മാമാങ്കം–2K25” സംഘടിപ്പിക്കുന്നു. പരിപാടി ഒക്ടോബർ 31 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയും സേവന പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകുന്ന ഭാഗമായിട്ടാണ് ഈ മാമാങ്കം സംഘടിപ്പിക്കുന്നത്. 2024-ൽ നടത്തിയ പ്രഥമ മാമാങ്കത്തിൽ പ്രഖ്യാപിച്ചതുപോലെ, മലപ്പുറം ജില്ലയിലെ പെയിൻ & പാലിയേറ്റീവ് യൂണിറ്റുകൾക്ക് ധനസഹായവും ജീവൻ രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തിരുന്നു. 2018ലെ പ്രളയാനന്തര സേവനങ്ങൾ മുതൽ 2020-21 കാലത്തെ കൊറോണ കാലത്ത് വരെ പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി സാമൂഹ്യ സേവന രംഗങ്ങളിൽ MAK ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി വരുന്നു.

മാമാങ്കം 2K25-ൻ്റെ പ്രധാന ആകർഷണമായി, സീ ടിവി സരിഗമ ഫെയിം പിന്നണി ഗായകൻ ജാസിം ജമാൽ, ഗായിക കീർത്തന S.K, സിനിമാ താരം വർഷ പ്രസാദ്, കൂടാതെ കൊളോണിയൽ കസിൻസ് ഓഫ് കേരള എന്നറിയപ്പെടുന്ന ഷാൻ & ഷാ എന്നിവരും അഞ്ചംഗ ഓർക്കസ്ട്ര ടീമും നാട്ടിൽ നിന്ന് എത്തുന്നുണ്ട്. MAK അംഗങ്ങളുടെയും കുട്ടികളുടെയും പ്രകടനങ്ങളും ഈ മാമാങ്ക വേദിയിൽ അരങ്ങേറും.
മലപ്പുറത്തിൻ്റെ സമ്പന്നമായ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഈ കലാവിരുന്ന് കാണികൾക്ക് ഒരവിസ്മരണീയ അനുഭവമാകും എന്നു സംഘാടകർ അറിയിച്ചു. ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ MAK പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ബഷീർ, ജെനറൽ സെക്രട്ടറി ഷറഫുദ്ദിൻ പുറക്കയിൽ, മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ, മുഖ്യ രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണത്ത്, ജനറൽ കോർഡിനേറ്റർ വാസുദേവൻ മമ്പാട്, ഹോസ്പിറ്റാലിറ്റി പാർട്ണർ Dr. അബ്ദുള്ള ഹംസ, കൺവീനർമാരായ അഷറഫ് ചേറൂട്ട്, അഡ്വ. ജസീന ബഷീർ, കോർഡിനേറ്റർ അഭിലാഷ് കളരിക്കൽ, പ്രോഗ്രാം കൺവീനർ അനസ് തയ്യിൽ, ട്രഷറർ പ്രജിത്ത് മേനോൻ, വനിതാ വിംഗ് ചെയർപേഴ്സൺ അനു അഭിലാഷ് എന്നിവർ പങ്കെടുത്തു. നാട്ടിൽ നിന്നെത്തിയ ഓർക്കസ്ട്ര ടീമംഗങ്ങളായ നബീൽ, ഹക്കീം, ആശിഷ്, അനൂപ് എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.



