മനസ്സോട് ഇത്തിരി മണ്ണ് വിട്ട് നൽകി ചക്കാലക്കൽ തമ്പി തോമസ്
പാണഞ്ചേരി: സ്വന്തമായൊരു വീട് എന്നത് സ്വപ്നമായി തുടരുന്ന മനുഷ്യർ നമുക്കിടയിലുണ്ട്. ഭൂമിയും വീടും ഇല്ലാത്ത ആറ് കുടുംബങ്ങൾക്ക് വീടൊരുക്കാൻ വഴിയൊരുക്കി സമൂഹത്തിന് മാതൃകയാകുകയാണ് സർക്കാർ കരാറുകാരനായ ചക്കാലക്കൽ തോമസ്- മേരി ദമ്പതികളുടെ മകൻ ചക്കാലയ്ക്കൽ തമ്പി തോമസ്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭൂമിയും വീടും ഇല്ലാത്ത അർഹതപ്പെട്ട ആറ് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനുള്ള ഭൂമി സൗജന്യമായാണ് ചക്കാലയ്ക്കൽ തമ്പി തോമസ് വിട്ട് നൽകുന്നത്. പീച്ചി വില്ലേജിൽ കാളക്കുന്ന് ദേശത്ത് 22 സെൻ്റ് ഭൂമി ,”കേരള സർക്കാരിൻ്റെ മനസ്സോട് ഇത്തിരി മണ്ണ്” എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറും. പാണഞ്ചേരി ചാത്തംകുളത്ത് നടന്ന ചടങ്ങിൽ ഭൂമി കൈമാറ്റ സമ്മതപത്രം ചക്കാലക്കൽ തമ്പി തോമസ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് കൈമാറി.



