KUWAITMIDDLE EAST

കുവൈറ്റിൽ പിണറായിയുടെ സന്ദർശനത്തിനെതിരെ യുഡിഎഫ് പ്രതിഷേധം

കുവൈറ്റ് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവംബർ 7-നുള്ള കുവൈറ്റ് സന്ദർശനത്തിനെതിരെ യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് കുവൈറ്റിലെ യുഡിഎഫ് അനുബന്ധ സംഘടനകൾ അറിയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതിനെത്തുടർന്ന് പ്രവാസികളിലേക്കുള്ള സർക്കാരിൻ്റെ പ്രതിച്ഛായ നിർമ്മാണ ശ്രമമായാണ് ഈ ഗൾഫ് സന്ദർശനം കാണുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

പ്രവാസി സമൂഹത്തെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്നതായാണ് യുഡിഎഫിൻ്റെ ആരോപണം. കോവിഡ് ലോക്ഡൗൺ സമയത്ത് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ അടഞ്ഞപ്പോൾ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം പ്രവാസികൾ നാട്ടിലെത്തിയപ്പോൾ ആ വാഗ്ദാനം മറന്നുവെന്നും, ഇവരെ രോഗവാഹകരായി ചിത്രീകരിച്ച് ഭരണകൂടം അവരെ മാനസികമായി പീഡിപ്പിച്ചതായും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ പ്രവാസികളുടെ താത്പര്യങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദർശനം രാഷ്ട്രീയ പ്രചാരണത്തിൻ്റെ ഭാഗമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇതിൻ്റെ ഭാഗമായി കുവൈത്തിലെ യുഡിഎഫ് അനുകൂല സംഘടനകൾ സംയുക്തമായി വഞ്ചനാദിനമായി ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി മുസ്തഫ കാരി(കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി) അറിയിച്ചു. നവംബർ 6 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഫർവാനിയ കെ.എം.സി.സി. ഓഫീസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ ആഹ്വാനം ചെയ്തു.