Sports

നേപ്പാളിൻ്റെ പോരാട്ടം; വാങ്കഡെയിൽ വിയർത്ത് ഇംഗ്ലണ്ട് 🏴󠁧󠁢󠁥󠁮󠁧󠁿🆚🇳🇵

T20 ലോകകപ്പിലെ രണ്ടാം ദിനമായ ഇന്ന് ആദ്യമത്സരത്തിൽ ​ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ഒരു പോരാട്ടത്തിനായിരുന്നു..! ലോകകപ്പിലെ വമ്പന്മാരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുമെന്ന് തോന്നിച്ച പ്രകടനവുമായി നേപ്പാൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്നു. വെറും 4 റൺസിനാണ് ഇംഗ്ലണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടത്.

​ഇംഗ്ലണ്ട്: 184/7 (20 ഓവർ)
നേപ്പാൾ: 180/6 (20 ഓവർ)

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ നേപ്പാൾ ബൗളർമാർ വരിഞ്ഞുമുറുക്കി. എന്നാൽ മധ്യനിരയിൽ ഹാരി ബ്രൂക്കും (53), യുവതാരം ജേക്കബ് ബെഥേലും (55) നടത്തിയ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിന് ജീവൻ നൽകി. അവസാന ഓവറുകളിൽ വിൽ ജാക്സ് (39)* നടത്തിയ തകർപ്പൻ ബാറ്റിംഗാണ് സ്കോർ 184-ൽ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാൾ ഒരു ഘട്ടത്തിൽ പോലും പതറിയില്ല. ക്യാപ്റ്റൻ രോഹിത് പൗഡലും, ദീപീന്ദ്ര സിംഗ് ഐറിയും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ നിലംപരിശാക്കി. ഓരോ ഓവർ കഴിയുമ്പോഴും ഗാലറിയിൽ ‘നേപ്പാൾ.. നേപ്പാൾ..’ വിളികൾ മുഴങ്ങി. ഒടുവിൽ അവസാന ഓവറിലെ നാടകീയത, അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് മാത്രം. സ്ട്രൈക്കിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്ന ലോകേഷ് ബാം. എന്നാൽ പരിചയസമ്പന്നനായ സാം കറൻ എറിഞ്ഞ കൃത്യതയാർന്ന യോർക്കറുകൾക്ക് മുന്നിൽ നേപ്പാളിന് അല്പം പിഴച്ചു. സിക്സറിന് ശ്രമിച്ച അവസാന പന്ത് കൈപ്പിടിയിലൊതുക്കി ഇംഗ്ലണ്ട് ശ്വാസം വിട്ടു. ​ബാറ്റിംഗിൽ നിർണ്ണായകമായ 39 റൺസും ഒരു വിക്കറ്റും നേടിയ വിൽ ജാക്സ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

തോറ്റെങ്കിലും ഈ ലോകകപ്പിലെ കറുത്ത കുതിരകൾ തങ്ങളാണെന്ന സൂചന നേപ്പാൾ തെളിയിച്ചു കഴിഞ്ഞു. ഒരു ‘അസോസിയേറ്റ്’ രാജ്യം മുൻ ലോക ചാമ്പ്യന്മാരെ വിറപ്പിച്ചത് ക്രിക്കറ്റിന് നൽകുന്ന ആവേശം ചെറുതല്ല..!