കിവീസ് കരുത്തിന് മുന്നിൽ അഫ്ഗാൻ പട വീണു
ചെന്നൈ: ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് തങ്ങളുടെ ലോകകപ്പ് കാമ്പെയ്‌നിന് ഗംഭീര തുടക്കം കുറിച്ചു. ടി20 ലോകകപ്പ് ചരിത്രത്തിൽ ന്യൂസിലൻഡ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ഇതോടെ കിവീസ് സ്വന്തമാക്കി.
അഫ്ഗാനിസ്ഥാൻ: 182/6 (20 ഓവർ)
ന്യൂസിലൻഡ്: 183/5 (17.5 ഓവർ)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് വേണ്ടി ഗുൽബാദിൻ നൈബ് (35 പന്തിൽ 63) തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മധ്യനിരയിൽ സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവരുടെ പിന്തുണ കൂടിയായപ്പോൾ അഫ്ഗാൻ 182 എന്ന മികച്ച സ്കോറിലെത്തി. കിവീസിനായി ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ രണ്ടാം ഓവറിൽ തന്നെ ഫിൻ അലനെയും രചിൻ രവീന്ദ്രയെയും നഷ്ടമായി കിവീസ് ഒന്ന് പതറിയെങ്കിലും ടിം സീഫർട്ടും (42 പന്തിൽ 65) ഗ്ലെൻ ഫിലിപ്സും (42) ചേർന്ന് കളി തിരിച്ചുപിടിച്ചു. റാഷിദ് ഖാൻ ഉൾപ്പെടെയുള്ള അഫ്ഗാൻ സ്പിൻ കരുത്തിനെ ആത്മവിശ്വാസത്തോടെ നേരിട്ട സീഫർട്ട് 7 ഫോറും 3 സിക്സറുകളും പറത്തി.
അവസാനം ഡാരിൽ മിച്ചലും (25) ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും (17) ചേർന്ന് 13 പന്തുകൾ ബാക്കിനിൽക്കെ ടീമിനെ വിജയതീരത്തെത്തിച്ചു. 2024 ലോകകപ്പിൽ നേരിട്ട തോൽവിക്ക് മധുരപ്രതികാരം കൂടിയായി കിവീസിന് ഈ വിജയം. തകർപ്പൻ അർദ്ധസെഞ്ച്വറിയുമായി കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായ ടിം സീഫർട്ട് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
കരുത്തരായ ബൗളിംഗ് നിരയുണ്ടായിട്ടും ചെന്നൈയിലെ പിച്ചിൽ റൺസ് പ്രതിരോധിക്കുന്നതിൽ അഫ്ഗാനിസ്ഥാന് പിഴച്ചത് വരും മത്സരങ്ങളിൽ തലവേദനയാകും. അതേസമയം, ഇന്ത്യക്കെതിരെ നടന്ന t20 പരമ്പരയിലെ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ട് ഏത് വലിയ ലക്ഷ്യവും തങ്ങൾക്ക് വഴങ്ങുമെന്ന് ന്യൂസിലൻഡ് തെളിയിച്ചു കഴിഞ്ഞു..



