Sports

T20 ലോകകപ്പ് 2026: വമ്പന്മാർ ജയിച്ചു; പക്ഷേ കുഞ്ഞന്മാർ ഹൃദയം കവർന്നു

​ക്രിക്കറ്റിൽ ഇനി ‘കുഞ്ഞൻ ടീമുകൾ’ എന്ന വാക്കില്ല എന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാം കണ്ടത്. ഇന്ത്യയും പാകിസ്ഥാനും ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള വമ്പന്മാർ ജയിച്ചു കയറിയെങ്കിലും, അവർ നേരിട്ട വെല്ലുവിളികൾ വരാനിരിക്കുന്ന അട്ടിമറികളുടെ സൂചനയാണ്.

​അസോസിയേറ്റ് ടീമുകളുടെ തകർപ്പൻ പോരാട്ടം

​നേപ്പാൾ (vs ഇംഗ്ലണ്ട്)

രണ്ടാം ദിവസത്തെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതായിരുന്നു. മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 184 റൺസിൽ തളച്ചിടുക മാത്രമല്ല, മറുപടി ബാറ്റിംഗിൽ ഒരു പന്ത് ബാക്കിനിൽക്കെ വെറും 4 റൺസ് അകലെ വരെ എത്തി അവർ പോരാടി. ലോക് ബാമിനെപ്പോലുള്ള യുവതാരങ്ങളുടെ ആത്മവിശ്വാസം ലോകക്രിക്കറ്റിനെ ഞെട്ടിച്ചു.

​യു.എസ്.എ (vs ഇന്ത്യ)

ആദ്യ ദിനം നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ യു.എസ്.എ വിറപ്പിച്ചു. 161 റൺസിലേക്ക് ഇന്ത്യയെ ഒതുക്കാൻ അവർക്ക് സാധിച്ചു. സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ ഒരുപക്ഷേ വലിയ അപകടത്തിൽ പെട്ടേനെ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികച്ചു നിൽക്കാൻ അവർക്ക് സാധിക്കുന്നു.

​നെതർലൻഡ്സ് (vs പാകിസ്ഥാൻ)

കൊളംബോയിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനെ 3 വിക്കറ്റിന് മാത്രം ജയിക്കാൻ അനുവദിച്ച ഡച്ച് പടയുടെ ബൗളിംഗ് പ്രകടനം മികച്ചതായിരുന്നു. അവസാന ഓവറുകളിലെ പക്വതയില്ലായ്മ മാത്രമാണ് അവരെ തോൽവിയിലേക്ക് നയിച്ചത്.

​സ്കോട്ട്‌ലൻഡ് (vs വെസ്റ്റ് ഇൻഡീസ്)

വിൻഡീസ് ഉയർത്തിയ 182 റൺസ് പിന്തുടർന്ന സ്കോട്ട്‌ലൻഡ് ഒരു ഘട്ടത്തിൽ 130-ൽ അധികം റൺസ് എടുത്ത് ഭീഷണി ഉയർത്തിയിരുന്നു. റൊമാരിയോ ഷെപ്പേർഡിന്റെ ഹാട്രിക് ഇല്ലായിരുന്നെങ്കിൽ ഫലം മാറുമായിരുന്നു.

​നേപ്പാളും നെതർലൻഡ്‌സും സ്പിൻ ബോളിംഗിലൂടെ വമ്പൻ ടീമുകളുടെ റൺ റേറ്റ് കുറയ്ക്കുന്നതിൽ വിജയിക്കുന്ന കാഴ്ചയാണ് നാം കണ്ടത് .
​തോൽവി ഭയമില്ലാതെ വമ്പൻ ഷോട്ടുകൾ കളിക്കാനുള്ള അസോസിയേറ്റ് ടീമുകളുടെ കരുത്ത് ടി20 ക്രിക്കറ്റിന്റെ ഗതി മാറ്റുന്നു.
ഫീൽഡിങ്ങിൽ പഴയതിൽ നിന്നും വ്യത്യസ്തമായി, ഗ്രൗണ്ടിൽ ചോരാത്ത ഫീൽഡിംഗ് ആണ് ഈ ടീമുകൾ കാഴ്ചവെക്കുന്നത്.
​ചുരുക്കത്തിൽ വമ്പൻ ടീമുകൾക്ക് ഇനി ഒരൊറ്റ പിഴവ് പോലും താങ്ങാനാവില്ല. ഒരു ചെറിയ പിഴവ് മതി ഈ ലോകകപ്പിൽ ഏത് വമ്പന്റെയും പുറത്തേക്കുള്ള വഴി തുറക്കാൻ.. ആദ്യ മത്സരങ്ങളിലൂടെ തന്നെ ശരിക്കും ഒരു ‘വേൾഡ്’ കപ്പ് ആയി മാറുകയാണ് ഈ 2026 എഡിഷൻ..