THRISSUR

മധുരം ജീവിതം; ലഹരി വിരുദ്ധ ഓണാഘോഷം

ഇരിങ്ങാലക്കുട രാസ ലഹക്കെതിരായി വലിയ പ്രതിരോധം സൃഷ്ടിക്കുകയാണ്: മന്ത്രി ആര്‍. ബിന്ദു

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ രാസ ലഹക്കെതിരായി വലിയ പ്രതിരോധം സൃഷ്ടിക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

യുവജനങ്ങളെ കൂടുതലായി കലാകായിക വേദികളിലേക്കും വായനശാലകളിലേക്കും ആകര്‍ഷിക്കുക എന്നതാണ് ‘മധുരം ജീവിതം’ എന്ന ഇരിങ്ങാലക്കുട മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പരിപാടിയുടെ ലക്ഷ്യം. സാഹിത്യ മത്സരങ്ങള്‍, നാടന്‍ പാട്ട്, ഓണക്കളി എന്നിവയാണ് രണ്ടു ദിവസമായി അരങ്ങേറിയത്. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന നാടന്‍പാട്ട് മത്സരം ഫോക്ക്‌ലോര്‍ അക്കാദമി ജേതാവ് ഗിരീഷ് മുരിയാട് ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കതിരോല ഇരിങ്ങാലക്കുട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാട്ടൂര്‍ എഗറ് കലാസംഘം രണ്ടാം സ്ഥാനവും വെട്ടം ഫോക് ലോര്‍ ബാന്‍ഡ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ സമയ ജൂനിയര്‍ പ്രത്യേക പുരസ്‌കാരം കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നാടന്‍പാട്ട് കലാകാരനും, സംഗീതസംവിധായകനും ഗാനരചയിതാവുമായ ഷൈജു അവറാന്‍, സംഗീത സംവിധായകനായ കണ്ണന്‍ മംഗലത്ത്, ഫോക്ലോര്‍ അവാര്‍ഡ് ജേതാവ് ഗിരീഷ് മുരിയാട്, നര്‍ത്തകിമാരായ ആവണി രജിത്, ഹൃദ്യ ഹരിദാസ് എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് പതിനെട്ട് ടീമുകള്‍ ഓണക്കളി മത്സരത്തില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം മുന്‍ എം.എല്‍.എ കെ.യു. അരുണന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആര്‍. ജോജോ, ബിന്ദു പ്രദീപ്, കെ.എസ്. തമ്പി, ടി.വി. ലത, ലിജി രതീഷ്, ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സി.എല്‍. ഷൈജു, മുകുന്ദപുരം തഹസില്‍ദാര്‍ സുമേഷ് സാഹു, കേരള എക്‌സൈസ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കര്‍, കൂടല്‍മാണിക്യം ചെയര്‍മാന്‍ സി.കെ. ഗോപി, കേരളഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ഗ്രാമിക കലാവേദി പ്രസിഡണ്ട് പി.കെ. കിട്ടന്‍, മധുരം ജീവിതം ഓണക്കളി പ്രോഗ്രാം കണ്‍വീനര്‍ ആര്‍.എല്‍ ജീവന്‍ലാല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു