THRISSUR

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം; നാട്ടിക ബീച്ചില്‍ ശുചീകരണ യജ്ഞം ഇന്ന്

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൻ്റെ ഭാഗമായി ഇന്ന് (സെപ്തംബര്‍ 20) നാട്ടിക ബീച്ചില്‍ ബൃഹത്തായ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രാവിലെ എട്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യും. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍. ദിനേശന്‍ അധ്യക്ഷത വഹിക്കും. അസിസ്റ്റൻ്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് മുഖ്യാതിഥിയാകും.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വിവിധ കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമായി 70 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറ്റിഅന്‍പതോളം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. എസ്.എന്‍ കോളേജ് നാട്ടിക, വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ. ശ്രീരാമ പോളിടെക്‌നിക് തൃപ്രയാര്‍, ഗവ. ഫിഷറീസ് സ്‌കൂള്‍ നാട്ടിക എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ നാട്ടിക പഞ്ചായത്തിലെ ഹരിതകര്‍മ്മസേന, പഞ്ചായത്ത് ജീവനക്കാര്‍, ഫിഷറീസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.