ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്‍;നാട്ടിക ബീച്ചില്‍ നിന്നും 310 കിലോ അജൈവ മാലിന്യം നീക്കം ചെയ്തു
അന്താരാഷ്ട്ര തീരദേശ ശുചീകരണദിനത്തോടനുബന്ധിച്ച് നാട്ടിക ബീച്ചില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ 310 കിലോ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ‘സേവാ പര്‍വ് 2025’ ബീച്ച് ക്ലീനിംഗ് ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. നമ്മുടെ തീരങ്ങള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും, ഈ ശുചീകരണ യജ്ഞം ഒരു തുടര്‍പ്രവര്‍ത്തനമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. തീര സംരക്ഷണത്തിൻ്റെ ഭാഗമായി കണ്ടല്‍ ചെടി നട്ടുപിടിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. അസിസ്റ്റൻ്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് അധ്യക്ഷത വഹിച്ചു. ശുചീകരണ യജ്ഞം അസിസ്റ്റൻ്റ് കളക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ‘നമ്മുടെ തീരം നമ്മുടെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

നാട്ടിക എസ്.എന്‍. കോളേജ്, വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻ്ററി സ്‌കൂള്‍, തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്‌നിക്, നാട്ടിക ഗവ. ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും നാട്ടിക ഹരിതകര്‍മ്മസേനാംഗങ്ങള്‍, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെൻ്റ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പുകള്‍, പേപ്പറുകള്‍, ഗ്ലാസ്, തെര്‍മോക്കോള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയുള്‍പ്പെടെയുള്ള 310 കിലോ അജൈവ മാലിന്യങ്ങളാണ് തരംതിരിച്ച് നീക്കം ചെയ്തത്.
ചടങ്ങില്‍ കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെൻ്റ് എഞ്ചിനീയര്‍ കെ.എസ്. ദിനേഷ്, മണപ്പുറം ഗ്രൂപ്പ് സി.എസ്.ആര്‍. ഹെഡ് ട്രീസ സെബാസ്റ്റ്യന്‍, ലുലു ഗ്രൂപ്പിൻ്റെ വൈ മാള്‍ മാനേജര്‍ മേവിന്‍ സേവിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റൻ്റ് എഞ്ചിനീയര്‍ എ.എസ്. സൗമ്യ സ്വാഗതവും അസി. എഞ്ചിനീയര്‍ റോണി സി. ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.



