മതിലകത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു
മതിലകം ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചു. ബസ് സർവീസ് ഫ്ലാഗ് ഓഫ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. മതിലകത്ത് നിന്ന് എല്ലാ ദിവസവും രാവിലെ ഏഴുമണിക്കും മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് മതിലകം സെൻ്ററിലേക്ക് വൈകീട്ട് അഞ്ചുമണിക്കുമാണ് ബസ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികളുടെ നീണ്ട നാളത്തെ ആവശ്യം പരിഗണിച്ച് സ്പെഷ്യൽ പെർമിഷൻ വാങ്ങിച്ചാണ് മെഡിക്കൽകോളേജിലെ ടോക്കൺ കൗണ്ടറിന്റെ അടുത്തുവരെ ബസ് എത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഫ്ലാഗ് ഓഫ് നിർവഹിച്ച് പറഞ്ഞു.
മതിലകം ഗ്രാമപഞ്ചായത് പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ടി എസ് രാജു സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ വാർഡ് മെമ്പർ പ്രേമാനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.



