സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് രണ്ടാം ഘട്ട നവീകരണ പ്രർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
തൃശൂർ: 1905-08 കാലയളവിൽ തൃശൂർ നഗരത്തിൻ്റെ വ്യവസായ പുരോഗതിയുടെ പ്രധാന ഘടകമായി പ്രവർത്തനം ആരംഭിച്ച സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കമ്പനി വക ഭൂമി കൈവശക്കാർക്ക് തീറാധാര കൈമാറ്റവും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. സംസ്ഥാനത്ത് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആറു മാസങ്ങളിൽ തന്നെ 23 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെത്തിയതായി മന്ത്രി പറഞ്ഞു. സീതാറാം മിൽ കേരളമാകെ പ്രസിദ്ധമായ മിൽ ആണെന്നും അതിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തെ കുറിച്ചും മന്ത്രി സംസാരിച്ചു.

പൂങ്കുന്നം സീതാറാം ടെക്സ്റ്റൈൽസ് മിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം. എൽ എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ ചെയർപേഴ്സൺ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി. സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ സ്വാഗതവും സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് യൂണിറ്റ് ഇൻ ചാർജ് എസ് വിജയകുമാർ നന്ദിയും പറഞ്ഞു.

കോർപ്പറേഷൻ കൗൺസിലർ എ.കെ സുരേഷ്, തൊഴിലാളി സംഘാടനാ നേതാക്കളായ
പി. ഹരിദാസ്, ടി.വി ചന്ദ്രമോഹൻ, എം. രാധാകൃഷ്ണൻ, സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് ബോർഡ് ഡയറക്‌ടർമാരായ എ. ആർ. കുമാരൻ, കെ. എം. വർഗീസ്, കെ. പി. ശശികുമാർ, ടി. വി. ബേബി കേരള ബാങ്ക് വൈസ് ചെയർപേഴ്സൺ എം. കെ. കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.



