മാലിന്യമുക്ത ഗ്രാമത്തിലേക്ക് ബൊകാഷിയുടെ ചുവടുവയ്പ്
മുരിയാട്: ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ ഭാഗമായി മാലിന്യമുക്ത ഗ്രാമത്തിലേക്ക് പുതിയ ചുവടുവയ്പായി മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ ബൊകാഷി ബക്കറ്റ് വിതരണം. പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കുക, മാലിന്യമുക്ത ഗ്രാമം സാക്ഷാത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്. ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. ബൊക്കാഷി ബക്കറ്റ് എന്നത് ജൈവ മാലിന്യങ്ങൾ വീട്ടിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കാൻ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ സംവിധാനമാണ്. ബക്കറ്റിൽ മാലിന്യങ്ങൾ ചേർക്കുന്നതിനൊപ്പം പ്രത്യേകമായ മൈക്രോ ഓർഗാനിസങ്ങൾ അടങ്ങിയ ബൊക്കാഷി പൗഡർ ചേർക്കുമ്പോൾ മാലിന്യം വേഗത്തിൽ വിഘടിച്ച് പോഷകസമൃദ്ധമായ കമ്പോസ്റ്റായി മാറുന്നു. ബൊക്കാഷി പ്രക്രിയയിലൂടെ ഉണ്ടാകുന്ന കമ്പോസ്റ്റ് കൃഷിയിടങ്ങളിലും വീട്ടുതോട്ടങ്ങളിലും ഉപയോഗിക്കുമ്പോൾ മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർധിക്കുകയും രാസവളങ്ങളുടെ ആവശ്യം കുറയുകയും ചെയ്യുന്നു. കൂടാതെ മാലിന്യങ്ങൾ കത്തിക്കുകയോ തുറന്നിടങ്ങളിലേക്ക് എറിയുകയോ ചെയ്യുന്ന രീതി ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. വീടുകളിലെ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയവും ലളിതവുമായ മാർഗം ഒരുക്കുകയാണ് ബൊക്കാഷി പദ്ധതി. ബൊകാഷി ബക്കറ്റിന്റെ ഉപയോഗത്തെ കുറിച്ച് പ്രത്യേക ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി ഗോപി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. യു വിജയൻ, വാർഡ് മെമ്പർമാരായ തോമസ് തൊകാലത്ത്, എ.എസ് സുനിൽകുമാർ, വൃന്ദ കുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മണി സജയൻ, വി.ഇ.ഒ ഗീത എന്നിവർ സംസാരിച്ചു.



