യാത്രാസുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ മാതൃകാപരമായ ഇടപെടൽ ഹൈക്കോടതിയുടെ അഭിനന്ദനം
തൃശ്ശൂർ : ദേശീയപാത 544-ൽ അടിപ്പാത നിർമ്മാണത്തെ തുടർന്നുള്ള യാത്രാദുരിതവും സുരക്ഷാപ്രശ്നങ്ങളും പരിഹരിക്കുന്നതിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രൂപീകരിച്ച ഇടക്കാല ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റിയുടെ അധ്യക്ഷനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയും ഉത്തരവിലുമാണ് ഡിവിഷൻ ബെഞ്ചിൻ്റെ പരാമർശം.
ദേശീയപാതയിലെ യഥാർത്ഥ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സമയാസമയങ്ങളിൽ സമർപ്പിക്കുകയും ദേശീയപാത അതോറിറ്റിക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത കമ്മിറ്റിയുടെ പ്രവർത്തനം മികച്ചതാണെന്ന് കോടതി വിലയിരുത്തി. വിഷയത്തിൽ മേൽനോട്ടം വഹിക്കുന്നതിലും നിർദ്ദേശങ്ങൾ നൽകുന്നതിലും ജില്ലാ കളക്ടറുടെ പ്രവർത്തനം പ്രശംസനീയമാണെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
അമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാത നിർമ്മാണം മൂലം യാത്രാസമയം രണ്ടും മൂന്നും ഇരട്ടിയായി വർധിച്ചെന്നും ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നും ഒക്ടോബർ 16 ന് അവസാനമായി സമർപ്പിച്ച റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. നിർമ്മാണ സ്ഥലങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത്, മുന്നറിയിപ്പ് ബോർഡുകളുടെയും വെളിച്ചത്തിൻ്റെയും അഭാവം, സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ, തുടരുന്ന ഗതാഗത കുരുക്ക് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു.
ജൂൺ 12 നാണ് ജില്ലാ കളക്ടർ ആദ്യ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. ആ റിപ്പോർട്ട് പരിഗണിച്ചാണ് പാലിയേക്കരയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് കളക്ടർ ഇടക്കാല ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിക്കുകയും കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തൃശ്ശൂർ റൂറൽ എസ്. പി. ബി കൃഷ്ണകുമാർ, ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ . എന്നിവരാണ് ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ. ആർ.ടി.ഒ, പൊലീസ് എന്നിവരുടെ സംഘം ദേശീയപാതയിലെ നിർമാണ പുരോഗതി കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
യാത്രാദുരിതത്തിൻ്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ കോടതി താൽക്കാലികമായി അനുമതി നൽകി. എന്നാൽ, വർധിപ്പിച്ച ടോൾ നിരക്ക് ഈടാക്കരുതെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും.



