അടാട്ടിലെ കർഷക ദിനാചരണവും കൽവെർട്ടിൻ്റെ ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് നിർവഹിച്ചു
അടാട്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കർഷക ദിനാചരണവും 51 തറയിൽ നിർമ്മിച്ച ബോക്സ് കൽവെർട്ടിൻ്റെ ഉദ്ഘാടനവും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കർഷകദിനം സർക്കാരിൻ്റെയോ പഞ്ചായത്തിൻ്റെയോ ദിനമല്ല കർഷകൻ്റെതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കൃഷിയാണ് ഭക്ഷണത്തിൻ്റെ അടിത്തറ. സമൂഹത്തിൻ്റെ ഭാവി കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 56.4 ശതമാനം രോഗങ്ങളുടെ കാരണം അനാരോഗ്യകരമായ ഭക്ഷണമാണെന്ന് മന്ത്രി സൂചിപ്പിച്ചു. നമ്മുടെ അടുക്കളയിൽ എന്ത് ഉണ്ടാക്കുന്നു, എവിടെ നിന്ന് കിട്ടുന്നതാണ് ഉണ്ടാക്കുന്നത് എന്നതിനും വളരെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചിങ്ങം ഒന്നിന് മാത്രം ആദരിക്കേണ്ടവരല്ല കർഷകർ, 365 ദിവസം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ 365 ദിവസവും ഓർമിക്കപ്പെടേണ്ടവരും പിന്തുണക്കേണ്ടവരുമാണ് കർഷകരെന്നു മന്ത്രി കൂട്ടിച്ചേർത്തു.
അടാട്ട് ഗ്രാമപഞ്ചായത്തും അടാട്ട് കൃഷിഭവനും സംയുക്തമായി അടാട്ട് ഫാർമേഴ്സ് ബാങ്ക് കോൾപടവ് കമ്മിറ്റികൾ, ചാത്തൻകോൾ പൂപ്പിലക്കാട് കർഷക സമാജം എന്നിവയുടെ സഹകരണത്തോടെയാണ് കർഷക ദിനം ആചരിച്ചത്. ഇതോടൊപ്പം ആർ.കെ.എം. സേവിംഗ്സ് പദ്ധതി മുഖേന 51 തറയിൽ നിർമ്മാണം പൂർത്തീകരിച്ച ബോക്സ്സ് കൽവെർട്ടിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി.
പുഴയ്ക്കൽ ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.എസ് പ്രതീഷ്, കെ എൽ ഡി സി മാനേജിങ് ഡയറക്ടർ പി.കെ ശാലിനി എന്നിവർ പദ്ധതി വിശദീകരിച്ചു. രണ്ട് കുട്ടി കർഷകർ അടക്കം 22 കർഷകരെ ആദരിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാർ സ്വാഗതവും കൃഷി ഓഫീസർ അശ്വതി ഗോപിനാഥൻ നന്ദിയും പറഞ്ഞു. അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ശ്രീനിവാസൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജോസഫ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ഡി. വിൽസൺ, വി.എസ് ശിവരാമൻ, അടാട്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിഷ പ്രഭാകരൻ, സോണി തരകൻ, വി.എൻ മോഹിനി, കെ.എം സുനിത, ടി.എസ് നിധീഷ്, വി.ജി ഹരീഷ്, ആനി വർഗീസ്, മിനി സൈമൺ, അടാട്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഡി പ്രതീഷ് മാസ്റ്റർ, അടാട്ട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സി.ആർ പോൾസൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എസ് സുഭാഷ്, കെ.കെ ചന്ദ്രൻ, രാജേശ്വരൻ, കാർഷിക വികസന സമിതി അംഗങ്ങളായ പി.കെ വിശ്വനാഥൻ, രുദ്രൻ നമ്പൂതിരി, ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ നിത്യാനന്ദ പ്രാണ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



