THRISSUR

മുണ്ടൂർ താഴം കോൾപടവിൽ പുതിയ ലീഡിങ് കനാൽ ഉദ്ഘാടനം ചെയ്തു

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ താഴം കോൾപടവിൽ പുതിയ ലീഡിങ് കനാൽ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂർ താഴം കോൾപടവിലെ തകർന്ന കനാൽ പൊളിച്ചു മാറ്റിയാണ് 1.45 കോടി ചെലവഴിച്ച് പുതിയ ലീഡിങ് കനാൽ നിർമ്മിച്ചിട്ടുള്ളത്. 1.1 കിലോ മീറ്റർ നീളത്തിൽ ഒരു മീറ്റർ വീതിയും 60 സെൻ്റി മീറ്റർ ഉള്ളളവും ഭിത്തികൾക്ക് 20 സെൻ്റി മീറ്റർ കനവുമുള്ള ലീഡിങ് കനാലാണ് പുനർ നിർമിച്ചത്.

കനാൽ യഥാർത്ഥമായതോടെ മുണ്ടൂർതാഴം കോൾ പടവിലെ കർഷകർക്ക് കൃഷിക്ക് ആവശ്യമായ വെള്ളം ഉറപ്പുവരുത്താൻ വരുത്താനും കർഷകർക്ക് വിരിപ്പു കൃഷി ചെയ്യുന്നതിനും നെൽകൃഷിക്ക് ശേഷം പച്ചക്കറി കൃഷി ചെയ്യുന്നതിനും ആവശ്യമായ വെള്ളം കനാലിലൂടെ എത്തിക്കാനാകും. അതിനൊപ്പം പ്രദേശത്തെ ജലക്ഷാമത്തിനും ശ്വാശ്വത പരിഹാരമാകും.

ചടങ്ങിൽ കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷദേവി, വൈസ് പ്രസിഡണ്ട് കെ എം ലെനിൻ, പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ ലിൻ്റി ഷിജു, കെ ബി ദീപക്,മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം ജെ നിജോൺ, മുണ്ടൂർ പള്ളി വികാരി ഫാ.ബാബു അപ്പാടൻ, ടി കെ ശാലിനി, വാർഡ് മെമ്പർമാർ, പ്രശാന്ത് അരവിന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.