THRISSUR

ഐ എസ് ഒ അംഗീകാരം നേടിയവർക്ക് സ്നേഹാദരവുമായി എം എൽ എ

ഒല്ലൂർ: ഐ എസ്‌ ഒ സർട്ടിഫിക്കേഷൻ നേടിയ ഒല്ലൂർ നിയോജക മണ്ഡലത്തിലെ കുടുംബശ്രീ സിഡിഎസ് , എഡിഎസ്കൾക്ക് എം എൽ എ ആദരം സംഘടിപ്പിച്ചു. ഒല്ലൂർ നിയോജക മണ്ഡലം എം എൽ എ യും റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രിയുമായ അഡ്വ. കെ രാജൻ ആദരം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ തന്നെ വലിയൊരു വനിതാ കൂട്ടായ്മയാണ് കുടുംബശ്രീയെന്നും കേരളത്തിൽ അതിന് ചെയ്യാനാവുന്നതിൻ്റെ എല്ലാത്തിൻ്റെയും ഉന്നതിയിലെത്തി നിൽക്കുന്ന കാലമാണിതെന്നും ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിലേക്കെത്തിയ നാൾവഴികളെ കുറിച്ചും അതിദരിദ്രരെ കണ്ടെത്തുന്നതിൽ കുടുംബശ്രീ വഹിച്ച പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പുത്തൂരിൽ സ്ഥിതി ചെയ്യുന്ന സുവോളജിക്കൽ പാർക്കിനോടനുബന്ധമായി കുടുംബശ്രീ പ്രവർത്തകർക്ക് ചെയ്യാനാവുന്ന കാര്യങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ സ്ത്ര‌ീകളുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിസ്‌മയകരമായ മാറ്റങ്ങൾക്ക് വലിയ പങ്കുവഹിച്ച കുടുംബശ്രീ പ്രസ്ഥാനം 27 വർഷങ്ങൾ പിന്നിടുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കിലയുടെ സാങ്കേതിക സഹായത്തോടെ ഒന്നാം ഘട്ടത്തിൽ ജില്ലയിലെ 49 സിഡിഎസ് കൾ ഐഎസ്‌ഒ നിലവാരത്തിൽ എത്തി. ഒരു നിയോജകമണ്ഡലത്തിലെ എല്ലാ സിഡിഎസ് ഓഫീസുകൾക്കും ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിലൂടെ ഈ നേട്ടം കൈവരിച്ച തൃശൂർ ജില്ലയിലെ ആദ്യത്തെ നിയോജകമണ്ഡലമായി ഒല്ലൂർ മാറി. ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഐ എസ് ഒ അംഗീകാരം നേടിയ ആറ് സി ഡി എസ് കളെയും 94 വാർഡുകളിലെ എ ഡി എസ് കളെയും ചടങ്ങിൽ ആദരിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹസമ്മാനമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ ഷിജു ഷെരിഫ് വരച്ച മന്ത്രിയുടെ ചിത്രം കൈമാറി.

വെള്ളാനിക്കര കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ രവി അധ്യക്ഷത വഹിച്ചു. മേയർ എം.കെ. വർഗീസ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, സാമൂഹ്യപ്രവർത്തകൻ വി.പി.സാലിഹ് എന്നിവർ വിശിഷ്ടാതിഥികളായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം . എൽ റോസി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. പി രവീന്ദ്രൻ , നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, തദ്ദേശ സ്വയം ഭരണ സ്ഥാപന വൈസ് പ്രസിഡണ്ടുമാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റ് ജനപ്രതിനിധികൾ, സിഡിഎസ് ചെയർപേഴ്സൺമാർ , സിഡിഎസ് അംഗങ്ങൾ, എഡിഎസ് ഭാരവാഹികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ മിഷൻ സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.