കെൻഷോ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
തൃപ്രയാർ: സ്കൂൾ കായികമേളയിൽ കരാട്ടെയിൽ തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടി മെഡൽ നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി കെൻഷോ കപ്പ് ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് തൃപ്രയാറിൽ സംഘടിപ്പിച്ചു. ഒക്ടോബർ 26-ന് TSGA സ്റ്റേഡിയത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിന് കെൻഷോ കരാട്ടെ അസോസിയേഷൻ വേദിയായി.

56 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ വലപ്പാട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ആൻലിയ, 32 കിലോ വിഭാഗത്തിൽ മൽസരിച്ച് തൃശ്ശൂർ ജില്ലക്ക് ആദ്യ മെഡൽ സമ്മാനിച്ച സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എങ്ങണ്ടിയൂർ വിദ്യാർത്ഥിനി ആർദ്ര പി.എം, ആൺകുട്ടികളുടെ 54 കിലോ വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കിയ അതേ സ്കൂളിലെ വിദ്യാർത്ഥി ദേവജിത്ത്, 70 കിലോ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ തളിക്കുളം ഹയർസെക്കൻഡറി സ്കൂളിലെ അബ്ദുൾ മുത്തലീബ്, തയ്ക്കോണ്ടോയിൽ 63 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ നാട്ടിക ഫിഷറീസ് സ്കൂൾ വിദ്യാർത്ഥിനി അദ്വിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആദരവർപ്പിച്ച ചടങ്ങ് കെൻഷോ കരാട്ടെ അസോസിയേഷൻ ചീഫ് ഇൻസ്ട്രക്ടർ സെൻസി നെജുമുദ്ധീൻയുടെ നേതൃത്വത്തിൽ നടന്നു.



