THRISSUR

ലഹരി വിമുക്ത സമൂഹം ലക്ഷ്യമിട്ട് ആസാദ് സേന പദ്ധതിക്ക് തുടക്കം

തൃശൂർ: യുവജനങ്ങളിൽ മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി നാഷണൽ സർവീസ് സ്കീം സാമൂഹ്യനീതി വകുപ്പിൻ്റെ സഹകരണത്തോടെ ആരംഭിച്ച “ആസാദ് സേന” (ഏജൻ്റ്സ് ഫോർ സോഷ്യൽ അവെയ്ർനെസ്സ് എഗയിൻസ്റ്റ് ഡ്രഗ്സ്) പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആസാദ് സേന പദ്ധതിയിലെ എൻ.എസ്.എസ് ജില്ലാതല പ്രോഗ്രാം ഓഫീസർമാർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. യുവാക്കളിൽ രാസ ലഹരിയുടെ ഉപയോഗം തിരിച്ചറിഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആസാദ് സേനയുടെ ഭാഗമായി നടക്കുക എന്ന് മന്ത്രി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. ലഹരിയുടെ ഉപയോഗം മനുഷ്യരുടെ ചിന്താശേഷിയെയും മറ്റും വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ലഹരി വിമുക്ത സമൂഹം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അതിനായാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. എൻ.എസ്.എസ് യൂണിറ്റുകൾ ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളെ കല, കായിക,സാഹിത്യ താൽപര്യങ്ങളിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ രാസ ലഹരിയിൽ നിന്ന് അവർ മാറി നടക്കുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ യുവജനങ്ങളെ മയക്കുമരുന്ന് ഭീഷണിയിൽ നിന്ന് അകറ്റി നിര്‍ത്താനും ‘ജീവിതം മനോഹരം’ എന്ന സന്ദേശം പ്രചരിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിമല കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബീന ജോസ് അധ്യക്ഷത വഹിച്ചു. വിമല കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹപൂർവം അമ്മ എന്ന പേരിൽ സംഗീത നാടകം, ഫ്ലാഷ്‌മോബ്‌, നാട്ടിക എസ്. എൻ . ട്രസ്റ്റ് അവതരിപ്പിച്ച തുടി നൃത്തശില്പം , മോഡൽ ബോയ്സ് തൃശ്ശൂർ അവതരിപ്പിച്ച ചെണ്ട മേളം, മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ലഹരി വിരുദ്ധ ഓട്ടൻതുള്ളൽ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തുന്ന ഈ പരിപാടികൾ വലിയ ശ്രദ്ധ നേടി. നാഷണൽ സർവീസ് സ്കീം ആസാദ്സേന തൃശ്ശൂർ ജില്ല കോർഡിനേറ്റർ എം.വി പ്രതീഷ് പരിപാടിയുടെ ഏകോപന ചുമതല ഏറ്റെടുത്തു.
സമിതിയിലെ പ്രധാന പ്രവർത്തകരിൽ ഡോ. ആർ. ബിന്ദു, ഡോ. വിലയകുമാർ വി, ഡോ. ആനീഷ് പീറ്റർ, ഡോ. സിന്സി ബെനോയ് മോസസ് എന്നിവർ ഉൾപ്പെടുന്നു.പ്രോഗ്രാം ഓഫീസർ ഡോ സ്മിത പി എസ്, ഡോ ആൻ മേരി പരിപാടി വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ചു. മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കൂടുതൽ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. ഡി. ദേവിപ്രിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്. എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. വി. വിജയകുമാർ, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർത്ഥികാര്യ ഡീൻ ഡോ. ആർ. ആശിഷ്, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ആഷ രാജഗോപാൽ , ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ കെ.ആർ പ്രദീപൻ, വൊക്കേഷണൽ ഹയർസെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. പി രഞ്ജിത്ത്, എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ഇ.എൻ ശിവദാസൻ, നാഷണൽ സർവീസ് സ്കീം ആസാദ് സേന തൃശൂർ ജില്ല കോർഡിനേറ്റർ എം.വി പ്രതീഷ്, തൃശൂർ വിവിധ കോളേജുകളിൽ നിന്നും ഹയർ സെക്കൻഡറി സ്കൂളുകളിലെയും എൻഎസ്എസ് വോളണ്ടിയർമാരും പ്രോഗ്രാം ഓഫീസേഴ്സും യോഗത്തിൽ പങ്കെടുത്തു.