THRISSUR

നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു

കയ്പമംഗലം: കയ്പമംഗലം നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു. മിനി സിവിൽ സ്റ്റേഷൻ്റെ നിർമ്മാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കേരളത്തിലെ 140 മണ്ഡലങ്ങളിൽ സഞ്ചരിച്ച് സർക്കാരിന് പറയാനുള്ളത് പറയുവാനും ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുവാനും നടത്തിയ നവകേരള സദസ്സിൻ്റെ ഫലമായാണ് കയ്പമംഗലം മണ്ഡലത്തിൽ നിർമ്മിക്കാൻ പോകുന്ന മിനി സിവിൽ സ്റ്റേഷൻ. നവ കേരള സദസ്സിൻ്റെ ഭാഗമായി ജില്ലക്ക് ലഭിച്ച വികസന പ്രവൃത്തികളിൽ തറക്കല്ലിട്ട് നിർമ്മാണം ആരംഭിക്കുന്ന ആദ്യ പ്രവൃത്തിയാണ് കയ്പമംഗലം സിവിൽ സ്റ്റേഷനെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങളെ ഉൾപ്പെടുത്തി നവകേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവ കേരള സദസ്സ് സർക്കാർ സംഘടിപ്പിച്ചത്. ദൈവത്തിൻ്റെ സ്വന്തം നാടാണ് കേരളമെന്ന വിശേഷണം കാടും കാട്ടാറുകളും കൊണ്ടു മാത്രം ലഭിച്ചതല്ലെന്നും ഐക്യകേരളം രൂപീകരിച്ചതിനുശേഷം ജനകീയ സർക്കാരുകൾ നടത്തിയ മുന്നേറ്റങ്ങളുടെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപയും, ബജറ്റിലെ പ്ലാൻ ഫണ്ടിൽ നിന്നുമുള്ള അഞ്ച് കോടി രൂപയും ചെലവഴിച്ചാണ് അഞ്ച് നില കെട്ടിടം നിർമ്മിക്കിക്കുന്നത്.

ശ്രീനാരായണപുരം പള്ളിനടയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് മോഹനൻ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജൻ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ചന്ദ്രബാബു, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനീത മോഹൻദാസ്, യ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ആർ നിഷ അജിതൻ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജില്ലാ കലക്ടർ അർജ്ജുൻ പാണ്ഡ്യൻ, തഹസിൽദാർ എം.ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.