THRISSUR

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു

തൃശ്ശൂർ: ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഭാഷയോട് നല്ല മനോഭാവമാണ് ഉണ്ടായിരിക്കേണ്ടതെന്ന് ഡോ.കെ.എസ്. കൃഷ്ണകുമാർ പറഞ്ഞു. വ്യക്തിപരമായാലും ഔദ്യോഗികമായാലും ഭാഷയെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും നമ്മുടെ ആത്മസൗന്ദര്യമാണ് ഭാഷയെന്നും അദ്ദേഹം പറഞ്ഞു. ശ്വാസത്തെ ഭാഷയായും ഭാഷയെ ശ്വാസമായും കണക്കാക്കണം എന്നും ഡോ. കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘ഫയലും ഭാഷയും’ എന്ന വിഷയത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗ് ജീവനക്കാരുമായി സംവാദം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ സ്വാഗതം ആശംസിച്ചു, അസി. എഡിറ്റർ കെ. സി. ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാർക്കായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കും. ‘സമൂഹനിർമാണത്തിൽ മാതൃഭാഷയുടെ പങ്ക്’ എന്ന വിഷയത്തിൽ 500 വാക്കിൽ കവിയാത്ത ലേഖനങ്ങൾ (ടൈപ് ചെയ്തത്) നവംബർ അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് ലഭ്യമാവണം. നവംബർ ഏഴിന് സംഘടിപ്പിക്കുന്ന വാരാചരണ സമാപനത്തിൽ ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്യും.