THRISSUR

എല്ലാ ഭിന്നശേഷിക്കാർക്കും UDID കാർഡ്

മാപ്രാണം: കേരള സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി നിരവധിയായ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കി വരികയാണ്. ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ രേഖയായ UDID വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള രേഖയാണ്. സംസ്ഥാനത്തെ എല്ലാ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി. കാർഡ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുന്നു. യു.ഡി.ഐ.ഡി. പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാൻ ഇനിയും കഴിയാത്ത ഭിന്നശേഷിക്കാർക്ക് സർക്കാർ പ്രത്യേകമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. യു.ഡി.ഐ.ഡി. സമ്പൂർണ രജിസ്ട്രേഷൻ നടത്തിയ സംസ്ഥാനമാക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് കേരളം. ഇതുവരെ യു.ഡി.ഐ.ഡി. കാർഡിനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരെ കണ്ടെത്തി യു.ഡി.ഐ.ഡി. പോർട്ടലിൽ രജിസ്‌റ്റർ ചെയ്യിപ്പിക്കുന്നതിനും ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി കേരള സാമൂഹ്യ സുരക്ഷ മിഷൻ തയ്യാറാക്കിയ തന്മുദ്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനും കുടുംബശ്രീയുടെ സഹകരണത്തോടെ പുതിയൊരു ഡ്രൈവിന് തുടക്കം കുറിക്കുകയാണ്. ആദ്യഘട്ടത്തിൽ തൃശ്ശൂർ ജില്ലയിലും കോട്ടയം ജില്ലയിലും ആരംഭിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഇരിങ്ങാലക്കുട മാപ്രാണത്തുള്ള പി.കെ. ചാത്തൻ മാസ്‌റ്റർ മെമ്മോറിയൽ ഹാളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. കുടുംബശ്രീ പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും